ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന ഇന്ത്യൻ പൗരന്മാർക്ക് എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകും. മടക്കയാത്രയ്ക്ക് ഇത് അത്യാവശ്യമാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പൊതുമാപ്പ് ലഭിച്ച ഇന്ത്യാക്കാരുടെ എമർജൻസി സർട്ടിഫിക്കറ്റിനുള്ള ഫീസ് എഴുതിത്തള്ളാൻ വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകി. കുവൈത്തിലെ 25000 ഓളം ഇന്ത്യൻ പൗരന്മാർക്ക് ഇത് പ്രയോജനപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്തില്‍ രണ്ട് വർഷത്തിന് ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇഖാമാ കാലാവധി തീര്‍ന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താം. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് മാർച്ച് 27 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇതുപ്രകാരം കുവൈത്തില്‍ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്ന് തിരിച്ചു പോകാം. കൂടാതെ, ഇവര്‍ക്ക് പിന്നീട് പുതിയ വിസയില്‍ തിരിച്ചു വരാനും അനുമതി നല്‍കുന്നുണ്ട്. ഏപ്രില്‍ 1 മുതല്‍ 30 വരെയാണു പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും. 2018 ജനുവരിയിലാണ് കുവൈത്തില്‍ അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്.