ദില്ലി: കൊവിഡ് 19 ചികിത്സയ്ക്കായി 5.5 മില്യണ്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ യുഎഇയിലേക്ക് അയച്ചു. 30 മില്യണ്‍ ഗുളികകള്‍ യുഎഇയ്ക്ക് നല്‍കാമെന്നാണ് ഇന്ത്യ വാഗ്ദാനം ചെയ്തത്. ഇതിന്റെ ആദ്യ ഘട്ടമായാണ് 5.5 മില്യണ്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റി അയച്ചത്. 

മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സഹകരണത്തെയും നടപടികള്‍ വേഗത്തിലാക്കിയതിനെയും അഭിനന്ദിച്ച് ദില്ലിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. ഏപ്രില്‍ 18നാണ് ഇന്ത്യയെ അഭിനന്ദിച്ച് എംബസി ട്വീറ്റ് ചെയ്തത്. ഇന്ത്യ വാഗ്ദാനം ചെയ്ത 30 മില്യണ്‍ മരുന്നുകളും യുഎഇയില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ നേരത്തെ അറിയിച്ചിരുന്നതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് വിലക്ക് നീക്കുകയും അമേരിക്കയടക്കമുള്ള 13 രാജ്യങ്ങൾക്ക് മരുന്ന് നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുകയുമായിരുന്നു.