കഴിഞ്ഞദിവസം പ്രാദേശികസമയം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ശാന്തിയുടെ മൃതദേഹം വീടിന് പുറത്തും ഭര്‍ത്താവിന്റേത് ബെഡ്റൂമിലുമാണ് കണ്ടെത്തിയത്. 

വാഷിങ്ടണ്‍: ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍. ഹൂസ്റ്റണില്‍ കമ്പനി ഡയറക്ടറായി ജോലി ചെയ്തിരുന്ന ശ്രീനിവാസ് (51), ഭാര്യ ശാന്തി (46) എന്നിവരാണ് മരിച്ചത്. ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റിലുള്ള വസതിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ശ്രീനിവാസ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞദിവസം പ്രാദേശികസമയം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ശാന്തിയുടെ മൃതദേഹം വീടിന് പുറത്തും ഭര്‍ത്താവിന്റേത് ബെഡ്റൂമിലുമാണ് കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റ അടയാളങ്ങളും ശ്രീനിവാസിന്റെ മൃതദേഹത്തിന് സമീപം കൈത്തോക്കും കണ്ടെത്തി. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഇയാല്‍ സ്വയം വെടിവെച്ചുമരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ 16 വയസുള്ള മകള്‍ ഈ സമയം വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. ഇവരുടെ മൂത്ത മകന്‍ ടെക്സസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്.

സംഭവത്തില്‍ ആരെയും ഇപ്പോള്‍ സംശയിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നിരവധി സുഹൃത്തുക്കള്‍ക്ക് ശ്രീനിവാസ് സംഭവദിവസം ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തരുതെന്ന് പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.