തുംറൈറ്റ്: ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തിൽ തുംറൈറ്റ് ഇൻഡ്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. തുംറൈറ്റ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് അനുശോചന സന്ദേശം നൽകി. 

ഒരു രാഷ്ട്രത്തലവൻ എങ്ങിനെ ആയിരിക്കണമെന്ന് തന്റെ അര നൂറ്റാണ്ടു കാലത്തെ ഭരണം കൊണ്ട് മാതൃക കാണിച്ചു കൊടുത്ത മഹാനായ ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പുരാതന ഒമാനിൽ നിന്നും ഇന്ന് കാണുന്ന ആധുനിക നിലവാരമുള്ള രാജ്യമാക്കുവാൻ അദ്ദേഹം കാണിച്ച കഠിനാധ്വാനത്തെയും, അദ്ദേഹത്തിന്റെ ഭരണ മികവിനെയും എത്ര പ്രശംസിച്ചാലും മതിവരില്ല. ഒമാന്റെ ഉന്നമനത്തിനായും, ഇവിടുത്തെ ജനങളുടെ ക്ഷേമത്തിനുമായി സുൽത്താൻ ഖാബൂസ് കാണിച്ചുതന്ന വഴിയിലൂടെ തുടർന്നും രാജ്യത്തെ നയിക്കാൻ പുതുതായി ഭരണം ഏറ്റെടുത്ത സുൽത്താൻ ഹൈതം ബിൻ താരീഖിനു സാധിക്കട്ടെയെന്ന് അനുശോചന സന്ദേശത്തിൽ റസ്സൽ മുഹമ്മദ് ആശംസിച്ചു.

ടിസ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജു തോമസ് സ്വാഗതം ആശംസിച്ചു. ബിനു പിള്ള, പ്രശാന്ത് വൈക്കത്ത്, അഷ്‌റഫ് കോട്ടപ്പള്ളി, സുധീർ വളയം, സജിനി, ഷാജീവ്, സുമയ്യ ടീച്ചർ, പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.