ദുബായ്: മകനെ സന്ദര്‍ശിക്കാന്‍ ദുബായിലെത്തിയതിന്റെ പിറ്റേദിവസം ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരനെ ഒടുവില്‍ എയര്‍ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയി. മാര്‍ച്ച് 15ന് യുഎഇയിലെത്തിയ പഞ്ചാബ് സ്വദേശി സുരേന്ദ്ര നാഥ് ഖന്നയാണ് ശ്വാസകോശത്തിലെ അണുബാധ കാരണം ആശുപത്രിയിലായത്. 20 ലക്ഷത്തിലധികം രൂപയുടെ ആശുപത്രി ബില്ലടയ്ക്കാനാവാതെ മകനും കുടുംബവും ദുരിതമനുഭവിക്കുന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസികളുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ എയര്‍ ആംബുലന്‍സ് എത്തിച്ച് ദില്ലിയിലേക്ക് മാറ്റിയത്.

പഞ്ചാബ് സ്വദേശി അനുഭവ് ഖന്നയാണ് മാര്‍ച്ച് 15ന് അച്ഛനേയും അമ്മയേയും ദുബായിലേക്ക് കൊണ്ടുവന്നത്. പിറ്റേദിവസം തന്നെ അച്ഛന്‍ സുരേന്ദ്രനാഥ് ഖന്ന ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയായിരുന്നു. ശ്വാസകോശത്തെ ബാധിച്ച അണുബാധ  മറ്റ് അവയവങ്ങളിലേക്ക് കൂടി വ്യാപിച്ചുണ്ടായ ഗുരുതരാവസ്ഥയിലാണ് 66കാരനായ സുരേന്ദ്രനാഥിനെ ദുബായ് എന്‍എംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദുബായിലേക്ക് വരുമ്പോള്‍ കാര്യമായ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. നേരത്തെ നാട്ടില്‍ വെച്ച് ശ്വാസതടസമുണ്ടായപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനകള്‍ നടത്തിയില്ല. ദുബായിലെത്തിയതിന്റെ പിറ്റേദിവസം ശ്വാസതടസം ഗുരുതരമായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അണുബാധ ഗുരുതരമായതിനാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സ തുടങ്ങിയെങ്കിലും കാലുകളിലേക്കും കൈകളിലേക്കും അണുബാധ പടര്‍ന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഇടത്തേ കൈ മുറിച്ചുമാറ്റി. വലതുകാലിനും ഗുരുതരമായ അണുബാധയേറ്റിട്ടുണ്ടെന്നും അതും മുറിച്ചുമാറ്റേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാരുടെ അനുമാനം. ദിവസവും 20,000 ദിര്‍ഹത്തോളമാണ് ആശുപത്രിയില്‍ ബില്ലായിരുന്നത്. ഒരു ലക്ഷത്തിലധികം ദിര്‍ഹം ആശുപത്രിയില്‍ കുടിശികയായതോടെ മക്കള്‍ക്കും കുടുംബത്തിനും താങ്ങാന്‍ കഴിയുന്നതിലപ്പുറമായി. ഇതിനിടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും 42,000 ദിര്‍ഹം കടം വാങ്ങി ഇന്ത്യയില്‍ നിന്ന് എയര്‍ ആംബുലന്‍സ് എത്തിച്ചു. നാട്ടിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടരാനായിരുന്നു പദ്ധതി.  എന്നാല്‍ ആശുപത്രി ഐസിയുവില്‍ നല്‍കുന്ന ഓക്സിജന്‍ സംവിധാനവും എയര്‍ആംബുലന്‍സിലെ പോര്‍ട്ടബിള്‍ വെന്റിലേറ്ററും പരസ്പരം ചേരില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇക്കാര്യം എയര്‍ ആംബുലന്‍സ് എത്തിച്ച കമ്പനി നേരത്തെ മനസിലാക്കിയിരുന്നില്ല.  ഇത് അവഗണിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് മനസിലായതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

സംഭവം വാര്‍ത്തയായതോടെ നിരവധിപ്പേര്‍ കുടുംബത്തെ സഹായിക്കാനെത്തി. യുഎഇയിലെ ബിസിനസുകാരടക്കമുള്ളവരുടെയും കോണ്‍സുലേറ്റിന്റെയും സഹായത്തോടെ കൂടുതല്‍ സൗകര്യങ്ങളുള്ള എയര്‍ ആംബുലന്‍സ് വരുത്തി ഇന്നലെ വൈകുന്നേരത്തോടെ സുരേന്ദ്രനാഥിനെ ദില്ലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ദുബായ് എന്‍എംസി ആശുപത്രി അധികൃതര്‍ ബില്ലില്‍ കാര്യമായ ഇളവ് നല്‍കിയിരുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി അധികൃതര്‍ പിന്നീട് പണം ഈടാക്കിയില്ലെന്നും അനുഭവ് ഖന്ന പറഞ്ഞു. മാനുഷിക പരിഗണന നല്‍കി സഹായിച്ച ആശുപത്രിക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന നീരജ് അഗര്‍വാള്‍ നന്ദി അറിയിച്ചു.

11 മാസം മുന്‍പാണ് അനുഭവ് ദുബായിലെത്തിയത്. തന്റെയും സഹോദരന്റെയും കുടുംബത്തിന്റെയും മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ചിട്ടും ചികിത്സാ ചെലവ് താങ്ങാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലേക്ക് വരുന്നതിന് മുന്‍പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരുന്നില്ല. അതിനെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. നാട്ടില്‍ വെച്ചുണ്ടായ ചുമയും ശ്വാസ തടസവും യഥാസമയം പരിശോധിച്ച് ചികിത്സ തേടിയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ദില്ലിയിലെ ചികിത്സയില്‍ സുരേന്ദ്രനാഥിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ഏവര്‍ക്കും. 

ഗള്‍ഫിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ ആവശ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് നേരത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. ഇത്തരത്തില്‍ നിരവധിപ്പേര്‍ ദുരിതത്തിലായ സംഭവങ്ങള്‍ അടിക്കടിയുണ്ടായ പശ്ചാത്തലത്തിലായിരുന്നു അറിയിപ്പ്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് ആയിരം രൂപയോളം ചിലവാക്കിയാല്‍ ഇന്‍ഷുറന്‍സ് എടുക്കാമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.