ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ജീവനക്കാരനായിരുന്ന ഉമേഷ് കുമാര്‍ 2016 സെപ്തംബര്‍ 25ന് ഷാര്‍ജ ഇത്തിഹാദ് റോഡിലെ നടപ്പാതയിലൂടെ നടക്കവെയാണ് വാഹനം ഇടിച്ച് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നയാള്‍ അപകടത്തില്‍ മരിച്ചു.
ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ദുബായില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു. ഷാര്‍ജയില്‍വെച്ച് ഗുരുതരമായി പരിക്കേറ്റ കാസര്‍കോഡ് സ്വദേശി ഉമേഷ് കുമാറിന് 508,178 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനുള്ള കീഴ്ക്കോടതി വിധി ദുബായ് സിവില്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.
ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ജീവനക്കാരനായിരുന്ന ഉമേഷ് കുമാര്‍ 2016 സെപ്തംബര്‍ 25ന് ഷാര്‍ജ ഇത്തിഹാദ് റോഡിലെ നടപ്പാതയിലൂടെ നടക്കവെയാണ് വാഹനം ഇടിച്ച് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നയാള്‍ അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഉമേഷ് കുമാറിനെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തുടര്‍ ചികിത്സയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു.
കാറോടിച്ചിരുന്ന 21 വയസുകാരനായ ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്ക്കോടതി അയാള്‍ക്ക് രണ്ട് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് പിടിച്ചുവെയ്ക്കുകയും ചെയ്തു. മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ഡ്രൈവര്‍ രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇതിന് ശേഷം ഉമേഷ് കുമാറിന്റെ ഒരു ബന്ധു അലി ഇബ്രാഹീം അഡ്വക്കേറ്റ്സ് എന്ന സ്ഥാപനത്തിലെ സലാം പാപ്പിനിശ്ശേരിയെ ബന്ധപ്പെട്ടതോടെയാണ് കേസ് വീണ്ടും മുന്നോട്ട് പോയത്. വാഹനം ഓടിച്ചയാളില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം തേടി ദുബായ് സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കി. കുടുംബത്തിന്റെ ഏക ആശ്രയമായ ഉമേഷ് കുമാറിന്റെ ജീവിതം വാഹനമോടിച്ചയാളുടെ അശ്രദ്ധ കൊണ്ട് താളംതെറ്റിയെന്ന അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു. ഇരുഭാഗവും കേട്ടശേഷം 5,08,178 ദിര്‍ഹം ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.
എന്നാല്‍ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി ദുബായ് സിവില്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. കോടതിയിലെ രേഖകള്‍ പ്രകാരം നഷ്ടപരിഹാരത്തിന് ഉമേഷിന് അര്‍ഹതയില്ലെന്നും അപകടത്തിന് ഉമേഷും ഉത്തരവാദിയാണെന്ന തരത്തിലുമാണ് കമ്പനി അപ്പീല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് മാത്രമാണ് അപകടമുണ്ടായതെന്ന് ഉമേഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ സ്ഥാപിച്ചു. ഇത് അംഗീകരിച്ച കോടതി അപ്പീല്‍ തള്ളി. കീഴ്ക്കോടതി ഉത്തരവിട്ട നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ കമ്പനി പണം നല്‍കുകായിരുന്നു.
