നാട്ടിലേക്ക് മടങ്ങേണ്ടവര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ് വേണ്ടത്. അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലാണ് ടിക്കറ്റ് അനുവദിക്കുന്നത്. ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെയും ഇ മെയില്‍ വഴിയും അര്‍ഹരായവരെ അറിയിക്കും.

ദുബായ്: ഇന്ത്യയിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രവാസികള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍. തൊഴിലാളികളടക്കം നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിമാന ടിക്കറ്റ് ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ കോണ്‍സുലേറ്റിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍സുല്‍ ജനറല്‍ വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തത്.

നാട്ടിലേക്ക് മടങ്ങേണ്ടവര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ് വേണ്ടത്. അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലാണ് ടിക്കറ്റ് അനുവദിക്കുന്നത്. ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെയും ഇ മെയില്‍ വഴിയും അര്‍ഹരായവരെ അറിയിക്കും. മറ്റ് സംശയങ്ങള്‍ക്കും കോണ്‍സുലേറ്റുമായി ഇമെയില്‍, ഫോണ്‍ എന്നിവ വഴി ബന്ധപ്പെടാം. ഈ പ്രത്യേക സാഹചര്യത്തില്‍ കോണ്‍സുലേറ്റിലേക്ക് എത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ വീഡിയോയില്‍ പറഞ്ഞു.

നിരവധി പ്രവാസി ഇന്ത്യക്കാരാണ് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. ജോലി നഷ്ടപ്പെട്ടും വരുമാനമില്ലാതെയും നാട്ടിലേക്ക് പോകാന്‍ കാത്ത് നില്‍ക്കുന്നവരുടെ വിഷമം മനസ്സിലാകുമെന്നും എന്നാല്‍ വിമാന ടിക്കറ്റ് ലഭിക്കാന്‍ കാത്തിരിക്കുക മാത്രമാണ് ചെയ്യാനാവുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഇന്ത്യയിലേക്ക് ഉണ്ടാകും. എല്ലാവരെയും മുന്‍ഗണന അനുസരിച്ച് ഇന്ത്യയിലെത്തിക്കുമെന്നും കോണ്‍സുലേറ്റിന് മുമ്പിലെ ആള്‍ക്കൂട്ടം സാമൂഹിക അകലം പോലുള്ള കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നതിന് തടസ്സമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Scroll to load tweet…