ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പേരില്‍ ഫോണിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലാണ് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പ് പുറത്തിറക്കിയത്. വടക്കന്‍ എമിറേറ്റുകളിലുള്ള പലര്‍ക്കും ഇത്തരം വ്യാജ കോളുകള്‍ ലഭിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്ദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് ഫോണ്‍ കോളുകള്‍ വരുന്നത്. നിങ്ങള്‍ ചില ഇമിഗ്രേഷന്‍ നിയമങ്ങള്‍ തെറ്റിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ചില അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെടും. 04-3971222/3971333 എന്നീ നമ്പറുകളില്‍ നിന്നാണ് വിളിച്ചതെന്ന് തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു. 

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന്  ഇത്തരത്തില്‍ ആരും ഫോണ്‍ വിളിക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ ഫോണ്‍ വിളികള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ hoc.dubai@mea.gov.in, cgoffice.dubai@mea.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ അറിയിക്കണമെന്നും പ്രാദേശിക സംവിധാനങ്ങള്‍ വഴി നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.