റിയാദ്: സൗദി അറേബ്യയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് കൈകാലുകളും നഷ്ടപ്പെട്ട യു.പി സ്വദേശിയെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയും സാമൂഹികപ്രവര്‍ത്തകരും ശ്രമം തുടങ്ങി. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ ഒന്നര വര്‍ഷം മുമ്പാണ് ഉത്തര്‍പ്രദേശ് സ്വദേശി രേണുകുമാറിന്റെ രണ്ട്‌ കൈയ്യും രണ്ട് കാലും വൈദ്യുതാഘാതത്തില്‍ നഷ്ടപ്പെട്ടത്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ കൃത്യമായ ചികിത്സ നേടാനോ നാട്ടില്‍ പോകാനോ കഴിയാതെ യാതന അനുഭവിക്കുകയാണ് ഇയാള്‍. സാമൂഹികപ്രവര്‍ത്തകന്‍ ഫൈസല്‍ ആലത്തൂരിന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് എംബസി സംഘം രേണുകുമാറിനെ നേരിട്ട് സന്ദര്‍ശിക്കുകയും നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമം തുടങ്ങുകയും ചെയ്തത്. രേണുകുമാറിന്റെ കമ്പനി അധികൃതരുമായും സംഘം ചര്‍ച്ച നടത്തി. അപകടത്തെ തുടര്‍ന്ന് ഒന്നരവര്‍ഷമായി ജോലിക്ക് ഹാജരാകാന്‍ പറ്റാത്ത രേണുകുമാറിന് ശമ്പളം കൊടുത്തുവരികയാണെന്ന് കമ്പനി അധികൃതര്‍ എംബസി സംഘത്തെ അറിയിച്ചു. മാത്രമല്ല കൈകാലുകള്‍ നഷ്ടപ്പെട്ട് പരാശ്രയമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത നിരാലംബാവസ്ഥയില്‍ കഴിയുന്ന രേണുകുമാറിന് ഒരു സഹായിയെ ശമ്പളംകൊടുത്തു നിയമിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) അപകടത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലയിം കേസ് മുന്നോട്ട് നടത്തുന്നതിനും അതിനായി 'ഗോസി'യില്‍ നേരിട്ട് ഹാജരാകുന്നതിനും സാമൂഹികപ്രവര്‍ത്തകന്‍ ഫൈസല്‍ ആലത്തൂരിനെ എംബസി അധികൃതര്‍ ചുമതലപ്പെടുത്തി.