കുവൈത്ത് സിറ്റി: അനധികൃത താമസക്കാര്‍ക്കെതിരെ കുവൈത്ത് കര്‍ശന നടപടികള്‍ തുടങ്ങാനിരിക്കെ, രേഖകളില്ലാതെ നാട്ടില്‍ പോകാനാകാത്ത പ്രവാസികള്‍ക്കായി രജിസ്ട്രേഷന്‍ സംവിധാനമൊരുക്കി ഇന്ത്യന്‍ എംബസി. പാസ്‍പോര്‍ട്ടോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് എംബസിയിലോ ഓണ്‍ലൈന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യേണ്ടത്. 

ഏപ്രിലില്‍ കുവൈത്ത് അധികൃതര്‍ ഒരു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും നിരവധി ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഇത്തരക്കാര്‍ക്ക് ഒരു തവണ കൂടി ഇളവ് ലഭ്യമാക്കാനുള്ള സാധ്യതകള്‍ എംബസി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായാണ് രേഖകള്‍ ശരിയാക്കാനുള്ള അവസരം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

എംബസിയുടെ കോണ്‍സുലാര്‍ ഹാളിലും വിവിധ സ്ഥലങ്ങളിലെ പാസ്‍പോര്‍ട്ട് സേവന കേന്ദ്രങ്ങളിലും രജിസ്റ്റര്‍ ചെയ്യാം. ഇതിന് പുറമെ എംബസി വെബ്സൈറ്റ് വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. അപേക്ഷിക്കുന്നവരുടെ യഥാര്‍ത്ഥ പാസ്‍പോര്‍ട്ട് നമ്പറോ അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നമ്പറോ ആയിരിക്കും രജിസ്ട്രേഷന്‍ നമ്പറായി കണക്കാക്കുക. രജിസ്ട്രേഷന്‍ ഫീസില്ല. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സമയത്ത് അതിനുള്ള ഫീസ് അടയ്‍ക്കണം.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സാധാരണ ഗതിയിലാകുന്നതോടെ അനധികൃത താമസക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ക്കാണ് കുവൈത്ത് അധികൃതര്‍ തയ്യാറാടുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിരവധിപ്പേരുള്ള സാഹചര്യത്തിലാണ് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നത് വരെ നടപടികള്‍ നീട്ടിവെച്ചിരിക്കുന്നത്.