അബുദാബി: പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വിവര ശേഖരണം തുടങ്ങി.  മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. 

പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ എന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും വിവരങ്ങള്‍ നല്‍കണം. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

യാത്രാവിമാനങ്ങള്‍ തുടങ്ങുന്ന കാര്യം പിന്നീട് അറിയിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും മടക്കയാത്രയെന്നും എംബസിയുടെ അറിയിപ്പില്‍ പറയുന്നു. നേരത്തേ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. അതേസമയം നാല് മലയാളികള്‍ കൂടി മരിച്ചതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 307പേര്‍ മരിച്ചു. 54,830പേരില്‍ രോഗം സ്ഥിരീകരിച്ചു.

Read More:  24 മണിക്കൂറിനിടെ 4 പേര്‍; ഗൾഫിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു