ദോഹ: അടിയന്തര അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 27ന് ഏഷ്യന്‍ ഠൌണില്‍ വെച്ചായിരിക്കും ക്യാമ്പ് നടക്കുക.  ഏഷ്യന്‍ ഠൌണിലെ ഗ്രാന്റ് മാളില്‍ ഗേറ്റ് നമ്പര്‍ എട്ട് ആംഫി തീയറ്റര്‍ ടിക്കറ്റ് കൌണ്ടറിന് സമീപം രാവിലെ 10 മണിക്ക് ക്യാമ്പ് ആരംഭിക്കും.

ഏഷ്യന്‍ ഠൌണിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ സഹായം നല്‍കാന്‍ പ്രത്യേക സംഘം രാവിലെ എട്ട് മണി മുതല്‍ സ്ഥലത്തുണ്ടാകും. സന്ദര്‍ശകര്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളെല്ലാം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്‍ച സമാനമായ തരത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നാനൂറിലേറെ അപേക്ഷകളില്‍ ആവശ്യമായ സേവനം ലഭ്യമാക്കിയിരുന്നു. പാസ്‍പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ്, കോണ്‍സുലാര്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ എമര്‍ജന്‍സി അപ്പോയിന്റ്മെന്റ് സംവിധാനവും അടുത്തിടെ എംബസി ആരംഭിച്ചിരുന്നു.