സന്നദ്ധരായ ഡോക്ടർമാരുടെ വാട്സ് ആപ് ഗ്രൂപ്പുകൾ തുടങ്ങും. കൊവിഡ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ പാർപ്പിക്കാൻ സൗദി അധികൃതരുടെ അനുമതി കിട്ടുന്നതിന് അനുസരിച്ച് എംബസി ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കും. ഓയോ ഹോട്ടൽ ഗ്രൂപ്പിന്റെയും സ്വന്തമായി കെട്ടിട സൗകര്യങ്ങളുള്ള ഇന്ത്യൻ വ്യവസായികളുടെയും സഹകരണം ഇതിനായി തേടിയിട്ടുണ്ട്.

ദമാം: ഇന്ത്യന്‍ എംബസി സൗദിയില്‍ പ്രയാസനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ പ്രവാസി സമൂഹം പ്രതീക്ഷയില്‍. സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നുള്ള പരാതികളെ തുടര്‍ന്നാണ് എംബസിയുടെ ശക്തമായ ഇടപെടല്‍.

കിഴക്കന്‍ പ്രവിശ്യയിലെ ദമാം കേന്ദ്രമാക്കി മുഖ്യധാരാ സംഘടനകളും നോര്‍ക്കയും ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് എംബസിയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തിന് വിവിധ മേഖലകളില്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും അതിനായി സൗദിയില്‍ ഔദ്യോഗിക അനുമതി ലഭിക്കേണ്ടതുണ്ടെന്നും ഇവര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചു.

അതേസമയം ആരോഗ്യ പ്രശ്നം നേരിടുന്നവരെ ആശുപത്രിയിലെത്തിക്കാൻ എംബസിയുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുമെന്നും രാജ്യത്തെ വിവിധ പോളിക്ലിനിക്കുകളുടെ ആംബുലൻസ് സൗകര്യങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും സൗദിയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായുള്ള ഓൺലൈന്‍ വാർത്താസമ്മേളനത്തില്‍ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചിരുന്നു. കൊവിഡ് ലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ ഏർപ്പെടുത്തുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. ആവശ്യമുള്ളവർക്ക് ആരോഗ്യ നിർദേശങ്ങളും ഓൺലൈൻ കൺസൾട്ടേഷനും നൽകാൻ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സന്നദ്ധരായ ഡോക്ടർമാരുടെ വാട്സ് ആപ് ഗ്രൂപ്പുകൾ തുടങ്ങും. കൊവിഡ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ പാർപ്പിക്കാൻ സൗദി അധികൃതരുടെ അനുമതി കിട്ടുന്നതിന് അനുസരിച്ച് എംബസി ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കും. ഓയോ ഹോട്ടൽ ഗ്രൂപ്പിന്റെയും സ്വന്തമായി കെട്ടിട സൗകര്യങ്ങളുള്ള ഇന്ത്യൻ വ്യവസായികളുടെയും സഹകരണം ഇതിനായി തേടിയിട്ടുണ്ട്. ആവശ്യമുള്ള മുഴുവൻ ഇന്ത്യാക്കാർക്കും ഭക്ഷണം എത്തിച്ച് കൊടുക്കാൻ സൗകര്യമൊരുക്കും. അതിനായി റസ്റ്റോറൻറുകളുടെയും കാറ്ററിങ് കമ്പനികളുടെയും സഹകരണം തേടും. ഈ ആവശ്യങ്ങൾക്കെല്ലാമായി ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തും. 

സൗദിയിൽ നിന്ന് ഇന്ത്യക്കാരെ ഉടൻ നാട്ടിൽ അയക്കാനാവില്ല. എന്നാൽ വിമാനങ്ങൾ ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ അത്യാവശ്യ സാഹചര്യങ്ങളിലുള്ള ആളുകളെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യും. ഇപ്പോൾ കഴിയുന്നിടത്ത് ഏറ്റവും സുരക്ഷിതമായി കഴിയുക എന്നതാണ് ഇന്ത്യാക്കാർക്ക് കരണീയമായത്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. സർവ പിന്തുണയുമായി ഇന്ത്യൻ മിഷൻ ഒപ്പമുണ്ടാകുമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.