കുവൈത്ത് സിറ്റി: അംഗീകാരമില്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ  മൂന്ന് ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ കുവൈത്തില്‍ പിടിയിലായി. കുവൈത്ത് എഞ്ചിനിയേഴ്സ് സൊസൈറ്റി അധ്യക്ഷന്‍ ഫൈസല്‍ അല്‍ അത്തലിനെ ഉദ്ധരിച്ച് അല്‍ റായ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

കുവൈത്തില്‍ തൊഴില്‍ വിസ ലഭിക്കുന്നതിനാവശ്യമായ യോഗ്യത ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പെട്രോളിയം മേഖലയില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ വിസ പുതുക്കുന്നതിനായി അധികൃതരെ സമീപിച്ചപ്പോഴാണ് ആഭ്യന്തര മന്ത്രാലയം ഇവരെക്കുറിച്ച് അന്വേഷിച്ചത്. കുവൈത്ത് എഞ്ചിനിയേഴ്സ് സൊസൈറ്റിയില്‍ നിന്ന് മന്ത്രാലയം ഇവരുടെ ഫയല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൊസൈറ്റിയുടെ അംഗീകാരം തേടി ഇവര്‍ നേരത്തെ തങ്ങളെ സമീപിച്ചിരുന്നെങ്കിലും മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് രേഖകള്‍ എഞ്ചിനിയേഴ്സ് സൊസൈറ്റി പ്രോസിക്യൂഷന് കൈമാറി. പിടിയിലായവരില്‍ ഒരാള്‍ അടുത്തിടെ കുവൈത്തില്‍ എത്തിയതാണ്.

ഇവര്‍ എഞ്ചിനീയര്‍മാരാണെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് കുവൈത്ത് മാന്‍ പവര്‍ അതോരിറ്റിയും പ്രോസിക്യൂഷനെ അറിയിച്ചു. അംഗീകാരമില്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി ജോലിയില്‍ പ്രവേശിച്ചവരെ കണ്ടെത്താന്‍ വിവിധ മന്ത്രാലയങ്ങളും അതോരിറ്റികളും പരിശോധന ശക്തമാക്കിയിട്ടുണ്ട്.  ഇന്ത്യയിലെ എഞ്ചിനീയറിങ് കോളേജുകളില്‍ എന്‍ബിഎ അംഗീകാരമുള്ളവയില്‍ പഠിച്ചിറങ്ങുന്നവരുടെ ബിരുദങ്ങള്‍ മാത്രമേ കുവൈത്ത് എ‍ഞ്ചിനിയേഴ്സ് സൊസൈറ്റി അംഗീകരിക്കുകയുള്ളൂ.