ദുബൈ: ദുബൈയില്‍ തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്ത് വെച്ചുണ്ടായ തര്‍ക്കമാണ് യുവാവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പ്രതിയായ ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ നാട്ടിലുള്ള യുവാവിന്റെ അമ്മ ഇയാളുടെ സുഹൃത്തിനെ വിളിച്ചു. സുഹൃത്ത് അപ്പാര്‍ട്ട്‌മെന്റിലെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് പ്രവാസി യുവാവിനെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുമ്പ് മരണം സംഭവിച്ചതായി അന്വേഷണത്തില്‍  കണ്ടെത്തി. എപ്പോഴും മദ്യലഹരിയിലായിരുന്നു കൊല്ലപ്പെട്ട യുവാവെന്ന് നാല് സാക്ഷികള്‍ വെളിപ്പെടുത്തി.

വാടക പിരിക്കാന്‍ വേണ്ടി കെട്ടിടത്തിന്‍റെ ഉടമസ്ഥനാണ് 31കാരനായ പ്രതിയെ ചുമതലപ്പെടുത്തിയത്. സംഭവദിവസം അനധികൃതമായി വാടകയ്ക്ക് താമസിക്കുന്നവരെ കണ്ടെത്താന്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കായി അധികൃതര്‍ എത്താതിരിക്കാന്‍ യുവാവ് താമസിച്ചിരുന്ന മുറി പ്രതി പുറത്തുനിന്ന് പൂട്ടി. അധികൃതര്‍ പോയ ശേഷം വാതില്‍ തുറന്ന പ്രതിയോട് യുവാവ് ഇതേപ്പറ്റി തര്‍ക്കിച്ചു. താനുമായി വാക്കേറ്റമുണ്ടായെന്നും മദ്യലഹരിയിലായിരുന്ന യുവാവ് തന്നെ അപമാനിച്ചതായും പ്രതി പറഞ്ഞു. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ പ്രതി യുവാവിനെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. ഇതോടെ ഇയാള്‍ ബോധരഹിതനാകുകയായിരുന്നെന്ന് എമിറാത്തി പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

ശേഷം പ്രതി യുവാവിന്റെ മൃതദേഹം കിടക്കയില്‍ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ശാരീരിക അതിക്രമമാണ് യുവാവിന്റെ മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മര്‍ദ്ദനത്തിന്റെ ഫലമായി യുവാവിന്റെ തലച്ചോറില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി മരണം സംഭവിക്കുകയായിരുന്നു. മരണകാരണമായ ശാരീരിക അതിക്രമത്തിന് പ്രതിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ വാദം തുടരുന്നത് 2021 ജനുവരിയിലേക്ക് നീട്ടിവെച്ചു.