മിനി ട്രക്ക് ക്യാബിൻ ഓപ്പണാക്കി അറ്റകുറ്റ ജോലി ചെയ്യുന്നതിനിടെ ക്യാബിൻ സ്റ്റാൻഡ് പൊട്ടി ദേഹത്തു വീണ് ക്യാബിനുള്ളിൽ കുടുങ്ങിയാണ് മരിച്ചത്.
റിയാദ്: ബീഹാർ ചാമ്പറാൻ സ്വദേശി മുഹമ്മദ് അഫ്സൽ (53) സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ബിഷക്ക് സമീപം തിനിയാ എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽ മരിച്ചു. മിനി ട്രക്ക് ക്യാബിൻ ഓപ്പണാക്കി അറ്റകുറ്റ ജോലി ചെയ്യുന്നതിനിടെ ക്യാബിൻ സ്റ്റാൻഡ് പൊട്ടി ദേഹത്തു വീണ് ക്യാബിനുള്ളിൽ കുടുങ്ങിയാണ് മരിച്ചത്.
കൂടെ താമസിക്കുന്ന പാകിസ്ഥാൻ പൗരൻ ഫോൺ ചെയ്തിട്ട് മറുപടി ഇല്ലാതെ ആയപ്പോൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി നോക്കിയപ്പോഴാണ് ഇദ്ദേഹം മരിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് പൊലീസും ആംബുലൻസും എത്തി മൃതദേഹം തബാല ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്‌റ്റ്മോർട്ടം കഴിഞ്ഞു നിയമനടപടി പൂർത്തിയാക്കി മൃതദേഹം ബിഷയിൽ ഖബറടക്കും.
പരേതൻ 25 വർഷമായി ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്നു. ശേഷം ജിദ്ദയിൽ നിന്നും എക്സിറ്റ് വിസയിൽ തിരിച്ചുപോയി പുതിയ കഫീലിന് കീഴിൽ ബിഷയിൽ എത്തിയിട്ടു രണ്ട് മാസം ആവുന്നതേ ഉള്ളൂ. ഭാര്യയും നാലു കുട്ടികളും ഉണ്ട്. നിയമനടപടി പൂർത്തിയാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം വളണ്ടിയർ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടി രംഗത്തുണ്ട്.
