Asianet News MalayalamAsianet News Malayalam

എയര്‍ ഇന്ത്യ വിമാനം ദുബൈയിലേക്ക് പറന്നത് ഒരേയൊരു യാത്രക്കാരനുമായി

പൈലറ്റ് തനിക്ക് ആശംസകളറിയിച്ചെന്നും രാജകീയമായ പരിഗണനയാണ് ലഭിച്ചതെന്നും സിങ് പറഞ്ഞു. കൂടാതെ യാത്രക്കാരില്ലാതെ കാലിയായ വിമാനത്തില്‍ നിന്ന് ചിത്രങ്ങളെടുക്കാനും സാധിച്ചു.

Indian expat flies to Dubai  alone in Air India flight
Author
Dubai - United Arab Emirates, First Published Jun 24, 2021, 3:37 PM IST

ദുബൈ: ദുബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ഒരേയൊരു യാത്രക്കാരനായി പ്രവാസി ഇന്ത്യക്കാരന്‍. വ്യവസായിയായ എസ് പി സിങ് ഒബ്‌റോയി ആണ് പഞ്ചാബിലെ അമൃത്സറില്‍ നിന്നും ദുബൈയിലേക്ക് യാത്ര ചെയ്തത്. 

ജൂണ്‍ 23ന് എയര്‍ ഇന്ത്യയുടെ AI929 വിമാനത്തിലാണ് സിങ് ദുബൈയിലേക്ക് പറന്നത്. ഗോള്‍ഡന്‍ വിസ ഉടമയാണ് സിങ്. പൈലറ്റ് തനിക്ക് ആശംസകളറിയിച്ചെന്നും രാജകീയമായ പരിഗണനയാണ് ലഭിച്ചതെന്നും സിങ് പറഞ്ഞു. കൂടാതെ യാത്രക്കാരില്ലാതെ കാലിയായ വിമാനത്തില്‍ നിന്ന് ചിത്രങ്ങളെടുക്കാനും സാധിച്ചു. 'വിമാനത്താവളത്തിലെത്തിയപ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയനായി. വിമാനത്താവളത്തിലെ ജീവനക്കാര്‍ സഹയാത്രക്കാരെ കുറിച്ചു ചോദിച്ചു. എന്നാല്‍ ഞാന്‍ മാത്രമാണ് ആ വിമാനത്തില്‍ യാത്ര ചെയ്തതെന്ന് അറിഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു'- സിങ് കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡന്‍ വിസ ഉടമ ആയതുകൊണ്ടും ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നത് കൊണ്ടുമാണ് തനിക്ക് യാത്ര സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. 

പട്യാലയില്‍ നിന്നുള്ള 66കാരനായ ഇദ്ദേഹം അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ്. തുടക്കകാലത്ത് മെക്കാനിക് ആയി ദുബൈയിലെത്തിയ സിങ് നാലുവര്‍ഷം ജോലി ചെയ്ത ശേഷം തിരികെ പഞ്ചാബിലേക്ക് മടങ്ങി. അവിടെ നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഒരു കമ്പനി ആരംഭിച്ചു. പിന്നീട് 1993ല്‍ ദുബൈയില്‍ തിരികെ എത്തിയ അദ്ദേഹം 1998ല്‍ ജനറല്‍ ട്രേഡിങ് കമ്പനി, ദുബൈ ഗ്രാന്‍ഡ് ഹോട്ടല്‍ എന്നിവ ആരംഭിച്ചു. 2004ല്‍ ഒബ്‌റോയി പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനവും അദ്ദേഹം തുടങ്ങി.

കഴിഞ്ഞമാസം 25 നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ജൂണ്‍ 23 മുതല്‍ ഭാഗിക ഇളവ് അനുവദിച്ചിട്ടുണ്ട്.  യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്കാണ് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുക. സിനോഫാം, ഫൈസര്‍ - ബയോഎന്‍ടെക്, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios