ദുബായ്: ഇസ്ലാം മതത്തെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ഇന്ത്യക്കാരനെ യുഎഇയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കര്‍ണാടക സ്വദേശി രാകേഷ് ബി കിട്ടുമാത്തിനാണ് ജോലി നഷ്ടപ്പെട്ടത്. ഇയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.  

കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് മുസ്ലിം മതവിശ്വാസികളെ പരിഹസിച്ച് ഫേസ്ബുക്കിലാണ് ഇയാള്‍ പോസ്റ്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചതോടെ രാകേഷിനെതിരെ കമ്പനി നടപടിയെടുക്കുകയായിരുന്നു. ഓരോ ദേശീയതയും മതവും പശ്ചാത്തലവും സ്വാഗതം ചെയ്യുന്ന കമ്പനിയില്‍ ഇത്തരം വിദ്വേഷം നിറഞ്ഞ പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും ഓഫീസിലും പുറത്തും ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ കൃത്യമായി അറിയിച്ചിട്ടുള്ളതാണെന്നും കമ്പനി പ്രതിനിധി പറഞ്ഞു.

8500ലേറെ ജീവനക്കാരുള്ള കമ്പനിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു രാകേഷ്. മതത്തെ പരിഹസിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ ദിവസം അബുദാബിയില്‍ ഒരാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.