കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ ആള്‍ ഇന്ത്യക്കാരന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി.

കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ ആള്‍ (Fake police) പ്രവാസിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കുവൈത്തിലെ ഹവല്ലിയിലാണ് സംഭവം. തട്ടിപ്പിനിരയായ ഇന്ത്യക്കാരന്‍ (Indian Expats) പൊലീസില്‍ പരാതി നല്‍കി.

ഹവല്ലിയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന തന്റെ സമീപത്തേക്ക് ഒരാള്‍ വരികയും താന്‍ പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഇയാള്‍ തന്നെ മര്‍ദിക്കുകയും പഴ്‍സും പണവും മൊബൈല്‍ ഫോണും മോഷ്‍ടിക്കുകയും ചെയ്‍തുവെന്നുമാണ് പരാതി. തുടര്‍ന്ന് വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്‍തു. മോഷ്‍ടാവിന്റെ വാഹനം സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‍ത് കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

അമീറിനെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് നാല് വര്‍ഷം കഠിന തടവും പിഴയും
കുവൈത്ത് സിറ്റി: കുവൈത്തിലെ(Kuwait) ഭരണ വ്യവസ്ഥയെ നിയമവിരുദ്ധമായി അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച യുവാവിന് തടവു ശിക്ഷയും പിഴയും. കുവൈത്ത് പരമോന്നത കോടതിയാണ് ഇയാള്‍ക്ക് നാല് വര്‍ഷം കഠിന തടവും 1,000 ദിനാര്‍ പിഴയും വിധിച്ചത്. 

അമീറിനെ അപകീര്‍ത്തിപ്പെടുത്തി, രാജ്യദ്രോഹം, ആയുധം കൈവശം വെച്ചു, ഫോണ്‍ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. നിയമവിരുദ്ധമായ രീതിയില്‍ രാജ്യത്തെ ഭരണം അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച ഇയാള്‍ അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്തു. ഇയാള്‍ ടെലിഫോണ്‍ കരുതിക്കൂട്ടി ദുരുപയോഗം ചെയ്തതായും കണ്ടത്തെി.