ഹൈവേ ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ച് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം സിക്സ്ത്ത് റിങ് റോഡില്‍ ഫര്‍വാനിയയില്‍ വെച്ചായിരുന്നു അപകടം. വിവരം ലഭിച്ചതനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.

ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. സ്വദേശി യുവാവ് ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. ഇയാളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. യുവാവ് പെട്ടെന്നാണ് ഹൈവേ ക്രോസ് ചെയ്‍തതെന്നും അതുകൊണ്ടുതന്നെ തനിക്ക് അപകടം ഒഴിവാക്കാന്‍ സാധിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.