ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം ലോട്ടറിയില്‍ വിജയിയായി വീണ്ടും ഇന്ത്യക്കാരന്‍. ഒരു മില്യണ്‍ ഡോളറാണ് ഇന്ത്യക്കാരനായ നൗഷാദ് സുബൈര്‍ എന്നയാള്‍ സ്വന്തമാക്കിയത്. ഇന്നത്തെ വിനിമയ നിരക്കില്‍ നോക്കിയാല്‍  ഏഴ് കോടി 15 ലക്ഷത്തോളം (7,14,55,000 രൂപ) ഇന്ത്യന്‍ രൂപ വരുമിത്. 286 സീരീസിലുള്ള 0520 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 

ഒമ്പതു പേരില്‍ നിന്നായി പണം പിരിച്ച് ഓണ്‍ലൈന്‍ വഴിയാണ് സുബൈര്‍ ടിക്കറ്റെടുത്തത്. ഭാഗ്യം തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്നും ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെന്നും വിജയിയായ സുബൈര്‍ പ്രതികരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ദുബായിലുണ്ട് സുബൈര്‍. ലോട്ടറി ആരംഭിച്ച 1999 മുതല്‍ ലോട്ടറിയില്‍ വിജയിയാകുന്ന 137ാമത്തെ ഇന്ത്യക്കാരനാണ് സുബൈറിപ്പോള്‍‍. 

നറുക്കെടുപ്പിലൂടെ മൂന്ന് ദുബായ് സ്വദേശികള്‍ക്ക് ആഡംബര വാഹനങ്ങളും സമ്മാനമായി ലഭിച്ചിട്ടുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനേയറിന് പിന്നാലെ നടത്തിയ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയിലാണ് മൂന്ന് പേര്‍ക്ക് സമ്മാനം ലഭിച്ചത്. വിജയത്തില്‍ സന്തോഷമുണ്ടെന്നും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്നും വിജയികള്‍ പറഞ്ഞു. നേരത്തെ നിരവധി മലയാളികള്‍ക്ക് സമാന ലോട്ടറികളില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.