ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് പ്രൊമോഷന്‍സ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.3 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ഹൈദരാബാദ് സ്വദേശിയായ കനികരന്‍ രാജശേഖരനാണ്(45) ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം ലഭിച്ചത്.

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഇന്ന് നടന്ന 347-ാമത് മില്ലെനിയം മില്ലെനയര്‍ സീരിസ് നറുക്കെടുപ്പിലാണ് കനികരനെ തേടി ഭാഗ്യമെത്തിയത്. ഡിസംബര്‍ 18ന് കനികരന്‍ വാങ്ങിയ  3546 എന്ന ടിക്കറ്റ് നമ്പരിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസം, ഹൈദരാബാദില്‍ ഒരു വില്ല, ദുബൈയില്‍ ബിസിനസ് എന്നിവയ്ക്കായി ചെലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. രണ്ട് തവണയാണ് കനികരന്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ടിക്കറ്റ് വാങ്ങിയിരുന്നെങ്കിലും സമ്മാനം ലഭിച്ചില്ല. എന്നാല്‍ ഇത്തവണ വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിക്കുകയായിരുന്നു. 

ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ദുബൈയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ സെയ്ദ് ഷാബ്ബര്‍ ഹസന്‍ നഖ് വി(24)ക്ക് ബിഎംഡബ്ല്യൂ കാറും ഇന്ത്യക്കാരനായ നിതിന്‍ അഗ്രാവത്(38), അഹമ്മദ് നാസര്‍ കമാല്‍ ശൈഖ് എന്നിവര്‍ക്ക് ആഢംബര ബൈക്കുകളും സമ്മാനമായി ലഭിച്ചു.