റിയാദ്: പണം മോഷ്ടിക്കാനായി വൃദ്ധനായ സ്‍പോണ്‍സറെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരി സൗദിയില്‍ അറസ്റ്റിലായി. ഹായിലിലെ അല്‍ സുനൈതാ ഗ്രാമത്തില്‍ നടന്ന കൊലപാതകത്തിലാണ് ഇന്ത്യക്കാരി നാടകീയമായി അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് മുറിയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് 90കാരനായ സൗദി പൗരന്‍ മരണപ്പെട്ടത്.

വൃദ്ധനായ സ്‍പോണ്‍സറെ പരിചരിക്കുന്ന ചുമതലയുണ്ടായിരുന്ന ഇന്ത്യക്കാരി ഡിസംബര്‍ 27നാണ് മുറിയ്ക്ക് തീയിട്ടത്. തീപിടുത്തത്തിന്റെ കാരണം അന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് മനസിലായില്ല. വൃദ്ധന്‍ മുറിയില്‍ ധാരാളം പണം സൂക്ഷിച്ചുവെച്ചിരുന്നത് മനസിലാക്കിയ വീട്ടുജോലിക്കാരി, പണം കവരാനായി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്.  വൃദ്ധന്‍ ഉറങ്ങിക്കിടന്ന സമയത്ത് പണം മോഷ്ടിച്ച ശേഷം കാര്‍പെറ്റില്‍ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പൂട്ടുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ കെടുത്തിയത്. ഇതിനോടകം വൃദ്ധന്‍ മരണപ്പെടുകയും ചെയ്തു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. വൃദ്ധന്റെ മരണത്തില്‍ ബന്ധുക്കള്‍ അസ്വഭാവികത സംശയിച്ചിതുമില്ല. സ്പോണ്‍സറുടെ മരണത്തില്‍ കടുത്ത ദുഃഖം അഭിനയിച്ച് നടന്നിരുന്ന ജോലിക്കാരിയെ ബന്ധുക്കള്‍ ഒരു വിധത്തിലും സംശയിച്ചില്ല. ഇതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.

കഴിഞ്ഞ മാസാവസാനം രണ്ട് യുവാക്കള്‍ ജോലിക്കാരിയെ അന്വേഷിച്ച് ഗ്രാമത്തിലെത്തിയതാണ് സംഭവങ്ങളുടെ ചുരുളഴിയിയാന്‍ കാരണമായത്. മരണപ്പെട്ട സൗദി പൗരന്റെ വീട് അന്വേഷിച്ചെത്തിയ ഇന്ത്യക്കാരായ യുവാക്കളോട് നാട്ടുകാര്‍ കാര്യം അന്വേഷിച്ചു. ജോലിക്കാരിയുടെ ബാഗുകള്‍ കാര്‍ഗോയില്‍ നാട്ടിലേക്ക് അയക്കാന്‍ വന്നതാണെന്നും തങ്ങള്‍ കാര്‍ഗോ കമ്പനി ജീവനക്കാരാണെന്നും ഇവര്‍ പറഞ്ഞു. വീട്ടുജോലിക്കാരി ഇവര്‍ക്ക് കൈമാറാനായി ബാഗുകള്‍ തയ്യാറാക്കുന്നത് ശ്രദ്ധയില്‍പെട്ട വൃദ്ധന്റെ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ 1,20,000 റിയാല്‍ ഇവരുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. ഒപ്പം കുടുംബാംഗങ്ങളുടെ വസ്ത്രങ്ങളടക്കമുള്ള സാധനങ്ങളും ഉണ്ടായിരുന്നു. ഇതോടെ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. മുറിയില്‍ തീയിട്ട് വൃദ്ധനെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ സമ്മതിച്ചു. പണവും കത്തിനശിച്ചുവെന്ന് വരുത്തുത്തീര്‍ക്കാനാണ് മുറിക്ക് തീയിട്ടതെന്നും കാര്‍ഗോ കമ്പനി ജീവനക്കാര്‍ക്കൊപ്പം നാടുവിടാനായിരുന്നു പദ്ധതിയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറും.