കുവൈത്ത് സിറ്റി: കുവൈത്തില്‍ കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന ഇന്ത്യക്കാരന്‍ അറസ്റ്റില്‍. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നേപ്പാള്‍ സ്വദേശിനിയായ യുവതിയെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വാക്കുതര്‍ക്കത്തിനൊടുവില്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവതി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.

അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേറഷന്‍സ് റൂമില്‍ വിവരമറിയിച്ചത്. പൊലീസും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ അസ്വഭാവികതയൊന്നും കണ്ടിരുന്നില്ലെങ്കിലും ഇരുവരും കലഹിക്കുന്നത് കേട്ടുവെന്നും പിന്നീട് ബാല്‍ക്കണിയില്‍ നിന്ന് ഒരാള്‍ പുകവലിക്കുന്നത് കണ്ടുവെന്നും അയല്‍വാസികള്‍ പറഞ്ഞതനുസരിച്ചാണ് ഇന്ത്യക്കാരനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകം നടത്തിയ കാര്യം സമ്മതിച്ചു. പിടിവലിക്കിടയില്‍ യുവതിയുടെ നഖം കൊണ്ട് ഇയാളുടെ കൈകളില്‍ മുറിവുണ്ടായതും പൊലീസ് കണ്ടെത്തി. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പ്രതി പറഞ്ഞു. പ്രോസിക്യൂഷന് കൈമാറിയ പ്രതിക്കെതിരെ ആസൂത്രിതമായ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്‍തു.