ഷാര്‍ജ: നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലെ അല്‍ താവൂനിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലേക്ക് പോകാന്‍ തയ്യാറാക്കിയ കാറിടിച്ചാണ് 50 കാരന്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുവായ 59കാരനായിരുന്നു കാറോടിച്ചിരുന്നത്.

രാത്രി 10 മണിയോടെയാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമിലേക്ക് വിവരം ലഭിച്ചത്. വാഹനത്തില്‍ ലഗേജുകള്‍ കയറ്റുന്നതിനിടെ അബദ്ധത്തില്‍ നിയന്ത്രണം നഷ്‍ടമായി അപകടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറപ്പെടാന്‍ തയ്യാറായി നിന്ന പ്രവാസിയെ ഇടിച്ചുതെറിപ്പിച്ച ശേഷം അടുത്തുണ്ടായിരുന്ന സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് കാര്‍ നിന്നത്. വാഹനമോടിച്ചയാളിനും നിസാര പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി. ബുഹൈറ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.