പ്രവാസികള്‍ക്ക് ജോലി ലഭിച്ച് യുഎഇയില്‍ എത്തുന്നതിന് മുന്‍പ് തന്നെ തൊഴില്‍ വിസയും തൊഴില്‍ കരാറും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം സഹായിക്കും. രേഖകള്‍ helpline@pbskuae.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുകയാണ് വേണ്ടത്.
അബുദാബി: ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ എംബസി സംവിധാനമൊരുക്കുന്നു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങിന്റെ കീഴില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് (പിബിഎസ്‍കെ) ഇതിനുള്ള സൗകര്യമുള്ളത്.
പ്രവാസികള്‍ക്ക് ജോലി ലഭിച്ച് യുഎഇയില്‍ എത്തുന്നതിന് മുന്‍പ് തന്നെ തൊഴില്‍ വിസയും തൊഴില്‍ കരാറും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം സഹായിക്കും. രേഖകള്‍ helpline@pbskuae.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുകയാണ് വേണ്ടത്. അധികൃതര്‍ അവ പരിശോധിച്ച് നിങ്ങളെ വിവരമറിയിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നേരത്തെ യുഎഇയിലേക്ക് വ്യാജ തൊഴില്‍ വിസകള്‍ നല്‍കിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 പേരെയാണ് ഇവര്‍ വ്യാജ വിസകള്‍ നല്‍കി യുഎഇയിലെത്തിച്ചത്. യുഎഇയില്‍ എത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തിരിച്ചയച്ചു. വിസയുടെ കാര്യത്തില്‍ സംശയമുള്ളവര്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് അന്നുതന്നെ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. യുഎഇ സര്‍ക്കാറിന്റെ വെബ്സൈറ്റായ https://amer.gdrfad.gov.ae/visa-inquiry വഴിയും വിസയുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കഴിയും.
