മസ്കറ്റ്: കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഒമാനിലെ ഇന്ത്യക്കാര്‍. ഇന്ത്യന്‍ സ്ഥാനപതി ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലും ഓണ്‍ലൈനിലൂടെ ആഘോഷങ്ങള്‍ ഒരുക്കിയിരുന്നു. 

കൊവിഡ് കാലഘട്ടത്തിലെ ജാഗ്രത മുന്‍നിര്‍ത്തി ഈ വര്‍ഷം  ആള്‍ക്കൂട്ടമില്ലാതെ വെര്‍ച്വല്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്  ഒമാനിലെ ഇന്ത്യന്‍ സമൂഹം പങ്കുചേര്‍ന്നത്. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഒമാന്‍ സമയം രാവിലെ 7.30ന് സ്ഥാനപതി ദേശീയ പതാക ഉയര്‍ത്തി. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്.

ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഓണ്‍ലൈനിലൂടെ  അവതരിപ്പിച്ചു. ദേശഭക്തി ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സീബ് ഇന്ത്യന്‍ സ്‌കൂള്‍ വീഡിയോയും പുറത്തിറക്കി.