ഇന്ധന വില ഉയർന്നതും അമേരിക്കൻ ബോണ്ടുകൾ നില മെച്ചപ്പെടുത്തിയതും ഡോളർ ശക്തിപ്രാപിച്ചതുമൊക്കെയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. 

ദുബൈ: അന്താരാഷ്‍ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ (Indian Rupee) മൂല്യം കൂടുതല്‍ ദുര്‍ബലപ്പെട്ടതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ (Indian Expatriates) എണ്ണവും കൂടി. നിലവില്‍ ആറ് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. അതുകൊണ്ടു തന്നെ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പ്രവാസികള്‍ക്ക് ഇപ്പോള്‍ മികച്ച നിരക്കാണ് (Exchange rates) ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ പ്രവണത തുടരുമെന്നാണ് ധനകാര്യ രംഗത്തുള്ളവര്‍ പറയുന്നത്.

ഇന്ധന വില ഉയർന്നതും അമേരിക്കൻ ബോണ്ടുകൾ നില മെച്ചപ്പെടുത്തിയതും ഡോളർ ശക്തിപ്രാപിച്ചതുമൊക്കെയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. വെള്ളിയാഴ്‍ച ഡോളറിനെതിരെ 74.98 എന്ന നിലയാണ് ഇന്ത്യന്‍ രൂപയുടെ വിനിമയം. അതുകൊണ്ടു തന്നെ ഗള്‍ഫ് കറന്‍സികള്‍ക്കെല്ലാം ഇന്ത്യന്‍ രൂപയിലേക്ക് നല്ല വിനിമയ നിരക്ക് ലഭിക്കുന്നുണ്ട്. യുഎഇ ദിര്‍ഹത്തിന് 20.41 രൂപയാണ് വെള്ളിയാഴ്‍ച രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി റിയാലിന് 19.99 രൂപയും ഒമാന്‍ റിയാലിന് 195.02 രൂപയുമാണ് നിരക്ക്. ബഹ്റൈന്‍ ദിനാറിന് 199.43 രൂപയും കുവൈത്ത് ദിനാറിന് 248.62 രൂപയും ഖത്തര്‍ റിയാലിന് 20.60 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഉയര്‍ന്ന മൂല്യം ലഭിച്ചത് മാസാദ്യത്തില്‍ കൂടി ആയതിനാല്‍ നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക് പല എക്സ്ചേഞ്ച് സെന്ററുകളിലും അനുഭവപ്പെടുന്നുണ്ട്. കൂടുതല്‍ മികച്ച നിരക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരുമുണ്ട്. രൂപയുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ പ്രവണത തുടരാനാണ് സാധ്യതയെന്നാണ് ധനകാര്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായം.