ബാലി: ഇന്തോനേഷ്യയിലെ ബാലിയിലെ ഹോട്ടലില്‍ നിന്ന് മോഷണം നടത്തിയ ഇന്ത്യന്‍ കുടുംബം കെെയോടെ പിടിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയ കുടുംബം താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

തുടര്‍ന്ന് റിസോര്‍ട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ കുടുംബത്തിന്‍റെ ബാഗുകള്‍ ഹോട്ടലിലെ ജീവനക്കാരില്‍ ഒരാള്‍ പരിശോധിക്കുന്നതടക്കമുള്ള വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുകയാണ്. ബാഗില്‍ നിന്ന് ഹോട്ടല്‍ മുറിയിലെ സാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

വീഡിയോയുടെ തുടക്കത്തില്‍ ഹോട്ടല്‍ ജീവനക്കാരനുമായി തര്‍ക്കിക്കുകയാണ് കുടുംബം. എന്നാല്‍, അത് വകവെയ്ക്കാതെ ജീവനക്കാരന്‍ സ്യൂട്ട് കെയ്സ് തുറന്നു. ഇതോടെ ടൗവ്വലുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, അലങ്കാര വസ്തുക്കള്‍ അടക്കമുള്ളവ കണ്ടെടുത്തു. ഇതോടെ ക്ഷമ പറഞ്ഞ കുടുംബം പണം നല്‍കാമെന്നും പറയുന്നുണ്ട്.

എന്നാല്‍, ഹോട്ടല്‍ ജീവനക്കാരന്‍ പണം വാങ്ങാന്‍ കൂട്ടാക്കുന്നില്ല. നിങ്ങള്‍ക്ക് ഒരുപാട് പണം കാണും. പക്ഷേ, ഇതൊട്ടും മാന്യതയല്ലെന്നുമാണ് മറുപടി നല്‍കുന്നത്. ഹേമന്ത് എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയെ നാണംകെടുത്തുന്നതാണ്.

ഇന്ത്യന്‍ പാസ്പോര്‍ട്ട് കെെയിലുള്ളവര്‍ ഓരോരുത്തരും രാജ്യത്തിന്‍റെ പ്രതിനിധികളാണെന്നുള്ളത് മറക്കരുത്. രാജ്യത്തെ അപമാനിക്കുന്ന ഇത്തരക്കാരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദ് ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും ഹേമന്ത് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.