റാസല്‍ഖൈമ: യുഎഇയിലുണ്ടായ കാറപകടത്തില്‍ രണ്ട് വയസുകാരി മരിച്ചു. മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കവെ വാഹനം നിയന്ത്രണം വിട്ട് പലതവണ തലകീഴായി മറിയുകയായിരുന്നു. റാസല്‍ഖൈമ സിറ്റിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ അല്‍ റംസിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.

മരണപ്പെട്ട രണ്ട് വയസുകാരി സുല്‍ഫയുടെ പിതാവാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹം റാസല്‍ഖൈമയിലെ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്തുവരികയായിരുന്നു. അപകടവിവര അറിഞ്ഞതിന് പിന്നാലെ പൊലീസ് പട്രോള്‍ സംഘവും പാരിമെഡിക്കല്‍ ജീവനക്കാരും ആംബുലന്‍സും എത്തിയാണ് കാറിലുണ്ടായിരുന്നവരെ സഖര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും നിലയില്‍ പുരോഗതിയുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.