ദുബായ്: 10 വയസുള്ള പെണ്‍കുട്ടിയെ അപമാനിച്ച കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യക്കാരന് ദുബായില്‍ ശിക്ഷ വിധിച്ചു. 23 വയസുകാരനായ ഇന്ത്യക്കാരന് മൂന്ന് മാസം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ദുബായ് കോടതി വിധിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രതി, ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയ കുട്ടിയെയാണ് അപമാനിച്ചത്.

കെനിയക്കാരായ കുട്ടിയുടെ രക്ഷിതാക്കള്‍ അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന അതേ കെട്ടിത്തിലുള്ള ഫ്ലാറ്റിലാണ് പെണ്‍കുട്ടിയുടെ കുടുംബവും താമസിച്ചിരുന്നത്. രാവിലെ 10 മണിയോടെ ബ്രെഡ് വാങ്ങാനായി അമ്മ, കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ പരിഭ്രാന്തയായാണ് കുട്ടി തിരികെയെത്തിയത്. മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞതോടെ, പ്രതിയെ തേടി കുട്ടിയുടെ അച്ഛന്‍ താഴേക്ക് പോയി.

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരും ഇതേ കെട്ടിടത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. കുട്ടി ബ്രെഡ് വാങ്ങി തിരികെ ഫ്ലാറ്റിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍, പ്രതി ഒരു നിമിഷം നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് കുട്ടി ലിഫ്റ്റില്‍ കയറാന്‍ പോയപ്പോള്‍ ഇയാളും പിന്തുടര്‍ന്നു. ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയുടെ വാ പൊത്തിപ്പിടിച്ച ശേഷം അപമര്യാദയായി സ്‍പര്‍ശിക്കുകയായിരുന്നു. ഇയാള്‍ കുട്ടിയെ പിന്തുടരുന്നതും കുട്ടിയ്ക്ക് പിന്നാലെ ലിഫ്റ്റില്‍ കയറുന്നതും കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കുട്ടിയുടെ രക്ഷാതാക്കളുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. ശിക്ഷയ്ക്കെതിരെ ഇയാള്‍ക്ക് അപ്പീല്‍ നല്‍കാനാവും.