ജേഴ്സി സിറ്റി: ഇന്ത്യക്കാരിയായ ഗര്‍ഭിണിയായ യുവതിയെ അമേരിക്കയിലെ അപ്പാര്‍ട്ട്മെന്‍റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവിനെ ഹഡ്സണ്‍ നദിയില്‍ ആത്മഹത്യ ചെയ്തനിലയിലും കണ്ടെത്തിയിരുന്നു. 35കാരിയായ ഗരിമ കോത്താരിയെ ഏപ്രില്‍ 26നാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്.  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് ഗരിമ കോത്താരിയുടേത് കൊലപാതകമാണെന്ന് വ്യക്തമായി. 

ഇവര്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഗരിമയുടെ ഭര്‍ത്താവ് മോഹന്‍ മാളിന്‍റെ മൃതദേഹം ജേഴ്സി സിറ്റിയിലെ ഹഡ്സണ്‍ നദിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാള്‍ ഹഡ്സണ്‍ നദിയില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

മാളിന്‍റെ മരണത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗരിമ കോത്താരി പാചക വിദഗ്ധയാണ്. ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന മാള്‍ തുടര്‍പഠനത്തിന് വേണ്ടിയാണ് ഭാര്യയ്ക്കൊപ്പം അമേരിക്കയിലെത്തിയത്. ഇവരുടെ ജേഴ്സി സിറ്റിയിലെ ഹൈ റൈസ് അപ്പാര്‍ട്ട്മെന്‍റിനടുത്ത് ഇരുവരും 'നുക്കഡ‍്' എന്ന പേരില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറന്‍റ് നടത്തുന്നുണ്ട്.