യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിനടുത്ത് തന്നെ ഇരിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. 

കുവൈത്ത് സിറ്റി: തര്‍ക്കത്തിനിടെ യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട പ്രവാസി യുവതിയും കുടുംബവും താമസിച്ചിരുന്ന വീട്ടിലെ ഒരു മുറിയിലാണ് പ്രതി താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. തനിക്ക് ഭക്ഷണം നല്‍കുന്നതിനായി യുവതിയുടെ കുടുംബത്തിന് പണം നല്‍കിയിരുന്നെങ്കിലും ഭക്ഷണം ലഭിക്കാതിരുന്നതാണ് തര്‍ക്കത്തിന് കാരണമായത്.

ഹവല്ലി ഗവര്‍ണറേറ്റിലെ അല്‍ റുമൈതിയയിലാണ് കൊലപാതകം നടന്നത്. യുവതിയുടെ ശരീരത്തില്‍ ഒന്‍പത് തവണ കുത്തേറ്റുവെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹവല്ലി ഗവര്‍ണറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ സംഘംവും ഫോറന്‍സിക്, അറ്റോര്‍ണി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിനടുത്ത് തന്നെ ഇരിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ പറഞ്ഞു.