കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇന്ത്യൻ പൗരൻ പിടിയിലായി. മരുന്നുകൾ കഴിച്ചാണ് സുഹൃത്ത് മരിച്ചതെന്നും ഭയം കാരണമാണ് മൃതദേഹം ഉപേക്ഷിച്ചതെന്നുമാണ് ഇയാളുടെ മൊഴി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ഇന്ത്യൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. ചവറ്റുകുട്ടയിൽ നിന്ന് തിരിച്ചറിയപ്പെടാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചവറ്റുകുട്ടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ രേഖകൾ ഒന്നും ഇല്ലാതിരുന്നതിനാൽ മരണകാരണവും വ്യക്തിയെയും കണ്ടെത്താനായി മൃതദേഹം ഫോറൻസിക് വകുപ്പിലേക്ക് മാറ്റി. തുടർന്നുള്ള അന്വേഷണത്തിൽ മരിച്ചയാളുടെ വിലാസവും വിവരങ്ങളും പൊലീസ് തിരിച്ചറിഞ്ഞു. മരിച്ചയാൾ താമസിച്ചിരുന്ന മുറിക്കു സമീപത്തുനിന്നാണ് ഇയാളുമായി ബന്ധപ്പെട്ട മറ്റൊരു ഇന്ത്യൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ സുഹൃത്തായ പ്രവാസിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാൽ താനല്ല കൊലപാതകം നടത്തിയതെന്നും മരിക്കുന്നതിന് മുമ്പ് സുഹൃത്ത് മരുന്നുകൾ കഴിച്ചിരുന്നുവെന്നുമാണ് ഇയാൾ പൊലീസിനോട് അവകാശപ്പെട്ടത്. മരണത്തിന്റെ ഉത്തരവാദിത്തം തനിക്കെതിരെ വരുമെന്ന ഭയത്താലാണ് മൃതദേഹം രഹസ്യമായി മാറ്റിസ്ഥാപിച്ചതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.