കേസിലെ പ്രതിയും കൊല്ലപ്പെട്ടയാളും പ്രധാന സാക്ഷിയുമെല്ലാം ഇന്ത്യക്കാരാണ്. 26 വയസുകാരന്‍ തടിക്കഷണം കൊണ്ട് ശക്തമായി അടിച്ചതിനെ തുടര്‍ന്ന് തലയോട്ടിക്ക് പരിക്കേല്‍ക്കുകയും ആന്തരിക രക്തസ്രാവവും ഉയര്‍ന്ന രക്ത സമ്മര്‍ദവും കാരണം  ഇന്ത്യക്കാരന്റെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കേസ് രേഖകള്‍ പറയുന്നു. 

ദുബൈ: ഒപ്പം ജോലി ചെയ്‍തിരുന്നയാളെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ ഇന്ത്യക്കാരന് യുഎഇ പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. മാനേജറുമായി വഴക്കുണ്ടാക്കിയതിന്റെ ദേഷ്യത്തില്‍ സഹപ്രവര്‍ത്തകനെ മര്‍ദിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. തടി കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചത്.

കേസിലെ പ്രതിയും കൊല്ലപ്പെട്ടയാളും പ്രധാന സാക്ഷിയുമെല്ലാം ഇന്ത്യക്കാരാണ്. 26 വയസുകാരന്‍ തടിക്കഷണം കൊണ്ട് ശക്തമായി അടിച്ചതിനെ തുടര്‍ന്ന് തലയോട്ടിക്ക് പരിക്കേല്‍ക്കുകയും ആന്തരിക രക്തസ്രാവവും ഉയര്‍ന്ന രക്ത സമ്മര്‍ദവും കാരണം ഇന്ത്യക്കാരന്റെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കേസ് രേഖകള്‍ പറയുന്നു. അല്‍ ഖൂസ് ഏരിയയിലെ കണ്‍സ്‍ട്രക്ഷന്‍ കമ്പനിയുടെ ഓഫീസില്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

പൊലീസെത്തുമ്പോള്‍ മര്‍ദനമേറ്റയാള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ നിലത്ത് കിടക്കുകയായിരുന്നു. പ്രതി സംഭവസമയത്ത് മദ്യ ലഹരിയിലായിരുന്നുവെന്ന് സാക്ഷി പറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ കൂടിയത്. താന്‍ മദ്യപിച്ചിരുന്നതായും കൊല്ലപ്പെട്ടയാള്‍ ആ ദിവസം കമ്പനിയിലെ മാനേജരുമായി വഴക്കുണ്ടാക്കുന്നത് കണ്ടുവെന്നും അതിന്റെ ദേഷ്യത്തില്‍ അടിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞത്. 

മാനേജരെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും പ്രതി പറഞ്ഞു. മരണത്തിന് കാരണമായ മര്‍ദനത്തിനും നിയമവിരുദ്ധമായി മദ്യപിച്ചതിനുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നത്. പ്രതിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് ദുബൈ പ്രാഥമിക കോടതി വിധിച്ചത്. വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.