ഭാര്യയുമായി തർക്കം ഉണ്ടായതിന് പിന്നാലെ ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ 24കാരൻ റിയാദിലെ താമസസ്ഥലത്ത് ജീവനൊടുക്കി. ഭാര്യയുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി ബന്ധുക്കൾ വ്യക്തമാക്കി

മുസാഫർനഗർ: സൗദി അറേബ്യയിൽ പ്രവാസി ഇന്ത്യാക്കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ 24 വയസുകാരൻ ആസ് മുഹമ്മദ് അൻസാരിയാണ് മരിച്ചത്. ഒക്ടോബർ 26നാണ് മരണം സംഭവിച്ചത്. നാട്ടിലുള്ള ഭാര്യ സാനിയയുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ തർക്കം ഉണ്ടാവുകയും ജീവനൊടുക്കുകയുമായിരുന്നു.

റിയാദിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് ജീവനൊടുക്കാൻ ശ്രമിക്കുന്നുവെന്ന് സാനിയ സൗദിയിലുള്ള മറ്റ് ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ഇവർ അൻസാരിയുടെ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി യുവാവിൻ്റെ സൗദിയിലുള്ള ബന്ധു അംജത് അലി പറഞ്ഞു.

ഈ വർഷം ഏപ്രിൽ ഏഴിനായിരുന്നു സാനിയയും ആസ് മുഹമ്മദ് അൻസാരിയും വിവാഹിതരായത്. രണ്ടര മാസം മുൻപാണ് യുവാവ് സൗദിയിലേക്ക് എത്തിയത്. സംഭവത്തിൽ റിയാദ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)