ദുബായ്: കാമുകിയെ കൊന്ന് മൃതദേഹവുമായി കാറില്‍ യുവാവ് സഞ്ചരിച്ചത് 45 മിനുട്ട്. ഇന്ത്യന്‍ സ്വദേശിയാണ് ദുബായില്‍ വച്ച് കാമുകിയെ കൊലപ്പെടുത്തിയത്. മൃതദേഹം കാറിന് മുന്നിലെ സീറ്റില്‍ വച്ചാണ് ഇയാള്‍ 45 മിനുട്ട് സഞ്ചരിച്ചത്. കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തില്‍ ദുബായ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. 

ഇന്ത്യന്‍ സ്വദേശിയായ തന്‍റെ കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 27 കാരനായ പ്രതി അവളെ കൊലപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. യുവതിയുടെ കഴുത്ത് കത്തികൊണ്ട് അറുത്താണ് ഇയാള്‍ കൊലപ്പെടുത്തിയത്. വസ്ത്രത്തില്‍ മുഴുവന്‍ രക്തവുമായി അയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് പൊലീസ് ഓഫീസര്‍ കോടതിയില്‍ പറഞ്ഞു. 

''തന്‍റെ കാമുകിയെ കൊന്നുവെന്ന് അയാള്‍ പറഞ്ഞു. പ്രതിയുടെ കാറിന്‍റെ മുന്‍ സീറ്റിലായിരുന്നു യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തറുത്താണ് കൊന്നതെന്ന് വ്യക്തം. കൊല്ലാനുപയോഗിച്ച വലിയ കത്തി കാറിന്‍റെ പിന്‍സീറ്റില്‍ നിന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി...'' - ഓഫീസര്‍ വ്യക്തമാക്കി. 

കൊല്ലപ്പെട്ട സ്ത്രീയുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവള്‍ക്ക് മറ്റൊരു ബന്ധമുള്ളതായി കണ്ടെത്തിയെന്നും പ്രതി തന്നോട് വ്യക്തമാക്കിയെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു. തന്നെ ചതിച്ചതില്‍ ഒരു തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ യുവതിയെ കൊല്ലുമെന്ന് ഇയാള്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് മെയില്‍ അയച്ചു. 

ഒരു മാളിന് പുറത്ത് നിര്‍ത്തിയിട്ട ഇയാളുടെ കാറില്‍ വച്ച് തമ്മില്‍ വാദപ്രതിവാദങ്ങല്‍ നടന്നതിന് ശേഷമാണ് പ്രതി, യുവതിയെ കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹവുമായി ഇതേ കാര്‍ ഓടിച്ച് ഒരു റെസ്റ്റോറന്‍റില്‍ ചെന്ന് ഭക്ഷണവും വെള്ളവും  ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് 45 മിനുട്ട് നഗരം ചുറ്റിയതിന് ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ ചെല്ലാമെന്ന് ഇയാള്‍ തീരുമാനിച്ചത്. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.