ശനിയാഴ്ച്ച വൈകുന്നേരം 7.45-ഓടെ ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്നിയുടെ മൃതദേഹം സംസ്കരിച്ചത്. 

ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡൽ റോഷ്നി മൂല്‍ചന്ദനി (22)യുടെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച്ച വൈകുന്നേരം 7.45-ഓടെ ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്നിയുടെ മൃതദേഹം സംസ്കരിച്ചത്. നാട്ടിൽനിന്ന് പിതാവും സഹോദരനും എത്തിയാണ് റോഷ്നിയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയത്.

മസ്കറ്റില്‍ നിന്നും ദുബായിലേക്കുളള യാത്രയിക്കിടെയാണ് റോഷ്നി അപകടത്തില്‍ പെട്ടത്. ദുബായിലെ ആഡംബര ഹോട്ടലായ പാം ജുമരിയയിലെ മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയായിരുന്നു റോഷ്നി. ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്നി പങ്കെടുത്തിട്ടുണ്ട്. സോഷ്യൽമീഡിയിൽ ഏറെ ആരാധകരുള്ള റോഷ്നിയുടെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് നിരവധിയാളുകളാണ് എത്തിയത്.

അപകടത്തിൽ മരിച്ച 17 പേരിൽ 12 പേരും ഇന്ത്യക്കാരാണ്. ഇതിൽ 8 പേര്‍ മലയാളികളാണ്. തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍. തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി, വാസുദേവന്‍ കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതുയപുരയില്‍ ഗോപാലന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ഒമാന്‍ സര്‍ക്കാരിന്‍റെ യാത്രാബസ് റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്. മരിച്ച ഇന്ത്യക്കാരെല്ലാം യുഎഇയുടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ്.