ബിര്‍മിംഗ്ഹാം: വാഹനാപകടത്തില്‍ യുകെയില്‍ ഇന്ത്യന്‍ വംശജന്‍ മരിച്ചു. 29 വയസുകാരനായ രാജേഷ് ചന്ദാണ് മരിച്ചത്. രാജേഷ് റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. വാഹനം അമിതവേഗതയിലെത്തിയതിനാല്‍ ബ്രേക്ക് ചെയ്യാനാകാത്തത് അപകടത്തിന് കാരണമായി. ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താനായില്ലെന്നുമാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബിര്‍മിംഗ്ഹാമിന് സമീപം ഹാന്‍ഡ്സവര്‍ത്തിലാണ് അപകടമുണ്ടായത്. 

സാക്ഷികളില്‍ നിന്ന് മൊഴിയെടുത്ത വെസ്റ്റ് മിഡ്‍ലാന്‍റ് പൊലീസ്, വാഹനമോടിച്ച 30 കാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോഴും പൊലീസ് കസ്റ്റ‍ഡിയിലാണ്. അപകടകരമായി വാഹനമോടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടമുണ്ടായപ്പോഴേക്കും പൊലീസ് എത്തുകയും അത്യാഹിത സേവനം ലഭ്യമാക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു രാജേഷ്. ഉടന്‍ തന്നെ ഇയാള്‍ മരിക്കുകയും ചെയ്തു.