എക്സ്പോ നടക്കുന്ന അടുത്ത ആറ് മാസത്തിനിടെ ദുബൈ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍  പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. 

ദുബൈ: ദുബൈയില്‍ ആരംഭിച്ച എക്സ്പോ 2020 (Expo 2020) സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ (Piyush Goyal). എക്സ്പോ വേദിയിലെ ഇന്ത്യന്‍ പവലിയന്‍ ഉദ്‍ഘാടനം ചെയ്യാനെത്തിയ പിയൂഷ് ഗോയല്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

എക്സ്പോ നടക്കുന്ന അടുത്ത ആറ് മാസത്തിനിടെ ദുബൈ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്‍തതിന് പുറമെ ഉന്നതതല യോഗങ്ങളിലും ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര - നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള യോഗങ്ങളിലും പിയൂഷ് ഗോയല്‍ പങ്കെടുത്തു. 

ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടന വേദിയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി, ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ മേള അതിശയകരമായ രീതിയില്‍ സംഘടിപ്പിക്കുന്ന യുഎഇ ഭരണകൂടത്തെ അദ്ദേഹം അനുമോദിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ എക്സ്പോ കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.