ദുബായ്: കൊറോണ വൈറസ് സാമ്പത്തിക രംഗത്ത് സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ ഭാഗമായി റെക്കോര്‍ഡ് ഇടിവാണ് ഇന്ത്യന്‍ രൂപ നേരിടുന്നത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 74.5075 എന്ന നിലയിലേക്ക് വെള്ളിയാഴ്ച രൂപ ഇടിഞ്ഞു. പിന്നീട് നില അല്‍പം മെച്ചപ്പെടുത്തി 74.445ലെത്തി. 

കഴിഞ്ഞ ദിവസത്തെ ക്ലോസിങില്‍ നിന്ന് ഇന്ന് 0.41 ശതമാനം ഇടിവുണ്ടായി. 2018 ഒക്ടോബര്‍ 11ന് രേഖപ്പെടുത്തിയ 74.48 ആയിരുന്നു ഏറ്റവും ഇതിന് മുമ്പ് രൂപ നേരിട്ട ഏറ്റവും താഴ്ന്ന മൂല്യം. അതേസമയം കൊറോണ ആശങ്കകള്‍ക്കിടയിലും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമടക്കുന്ന പ്രവാസികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഗള്‍ഫ് കറന്‍സികള്‍ക്ക് ലഭിക്കുന്ന മെച്ചപ്പെട്ട മൂല്യം ഉപയോഗപ്പെടുത്തുകയാണ് പ്രവാസികള്‍. കൂടുതല്‍ മൂല്യം കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുമുണ്ട്.

രാവിലെ യുഎഇ സമയം 8.50ന് ദിര്‍ഹത്തിനെതിരെ 20.26 എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. പിന്നീട് രൂപ നില മെച്ചപ്പെടുത്തിയതോടെ 20.15 ആയി. വിവിധ ഗള്‍ഫ് കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ വിനിമയ മൂല്യം ഇങ്ങനെയാണ്.

യുഎഇ ദിര്‍ഹം - 20.15
ബഹ്റൈനി ദിനാര്‍ - 196.83
കുവൈത്തി ദിനാര്‍ - 240.67
ഒമാനി റിയാല്‍ - 192.48
ഖത്തര്‍ റിയാല്‍ - 20.33
സൗദി റിയാല്‍ - 19.73