മസ്‍കത്ത്: കൊവിഡ് പ്രതിസന്ധിക്കിടയില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസമായി ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഫീസ് ഇളവ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ഇന്ന് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. രക്ഷിതാക്കള്‍ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ഡോയ ബേബി സാം സാമുവല്‍ വ്യക്തമാക്കി. 

2020 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ. ഈ കാലയളവിലേക്ക് മുൻകൂട്ടി ഫീസ് അടച്ച വിദ്യാർത്ഥികൾക്ക്, അടച്ച അധികതുക പിന്നീടുള്ള മാസങ്ങളിലെ ഫീസില്‍ ക്രമീകരിക്കും. സ്കൂളിലെ ഏതെങ്കിലും വിദ്യാര്‍ത്ഥിക്കോ രക്ഷിതാക്കൾക്കോ കൊവിഡ് ബാധിച്ചാല്‍ ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവ് നൽകും.  ഈ അധ്യയന വർഷം അവസാനം വരെ ഈ ഇളവ് ലഭിക്കും. ഫീസ് അടയ്ക്കാത്ത വിദ്യാർഥികൾക്കും വെർച്വൽ ക്ലാസുകൾ അനുവദിക്കും.

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ്  കൈക്കൊണ്ട  തീരുമാനങ്ങൾ മാതാപിതാക്കൾക്ക് ആശ്വാസമാകുമെന്നും  ഇന്ത്യൻ സമൂഹത്തിന്റെ സ്കൂളുകൾ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും  ബോർഡ്  ചെയർമാൻ  അറിയിച്ചു. സ്‌കൂളുകൾ നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികൾക്കിടയിലും രക്ഷിതാക്കൾക്ക് ആശ്വാസകരമാകുന്ന വിവിധ നടപടികൾ ബോർഡ് കൈക്കൊണ്ടിട്ടുണ്ടെന്നും ബേബി സാം സാമുവൽ കൂട്ടിച്ചേർത്തു.