Asianet News MalayalamAsianet News Malayalam

സൗദിയില്‍ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപണം; എംബസിയുടെ സഹായം തേടി ഇന്ത്യക്കാരന്‍

വീഡിയോ വൈറലായതോടെ സൗദിയിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടു. വിഷയം ശ്രദ്ധയില്‍പെട്ട വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സൗദിയിലെ ഇന്ത്യന്‍ അംബാസിഡറോട് ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

indian seek help from saudi through a video posted in twitter
Author
Delhi, First Published Jun 3, 2019, 2:02 PM IST

ദില്ലി: സൗദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിക്കാനും വിളമ്പാനും നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച്  ഇന്ത്യക്കാരന്‍. മാണിക്ഛദ്ദോപദ്യായ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കരഞ്ഞുകൊണ്ടുള്ള ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പാചകക്കാരനായി സൗദിയിലെത്തിയ താന്‍, ബീഫ് കഴിക്കാനും വിളമ്പാനും വിസമ്മതിച്ചതിന്റെ പേരില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായി ഇയാള്‍ വീഡിയോയില്‍ പറയുന്നു.

 

തന്റെ സൗദിയിലെ ഫോൺ നമ്പറുകളും ജോലി ചെയ്യുന്ന കമ്പനിയുടെ വിശദ വിവരങ്ങളും ഇയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ സൗദിയിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടു. വിഷയം ശ്രദ്ധയില്‍പെട്ട വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സൗദിയിലെ ഇന്ത്യന്‍ അംബാസിഡറോട് ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ബീഫ് കഴിക്കുന്നതും അത് വിളമ്പുന്നതും തന്റെ മത വിശ്വാസത്തിന് നിരക്കുന്നതല്ല. എന്നാല്‍ അത് കേള്‍ക്കാന്‍ തൊഴിലുടമ തയ്യാറാല്ല. വിശ്വാസത്തിനെതിരായ കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചതിന് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്തു. തൊഴിലുടമയുടെ പീഡനം കാരണം തളര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന വേറെയും ആളുകളുണ്ട്. തന്റെ പ്രശ്നത്തില്‍ ആരും ഇടപെടുന്നില്ലെന്നും എംബസി ഇടപെട്ട് തന്നെ എത്രയും വേഗം നാട്ടിലെത്തിക്കാനും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

 

മേയ് 12നാണ് സഹായം തേടി ഇയാള്‍ ആദ്യമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പുതിയ വിദേശകാര്യ മന്ത്രിയായി ഡോ. എസ് ജയശങ്കര്‍ സ്ഥാനമേറ്റ ദിവസം അദ്ദേഹത്തിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത വീഡിയോയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. വിഷയം അന്വേഷിക്കാന്‍ വിദേശകാര്യ മന്ത്രി സൗദിയിലെ ഇന്ത്യന്‍ അംബാസിഡറോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പറും വിശദാംശങ്ങളും ചോദിച്ച് ഇന്ത്യന്‍ അംബാസിഡറും എംബസിയുമൊക്കെ ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്നെ നാട്ടിലെത്തിക്കണമെന്നാണ് ഇയാളുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios