ഇന്ത്യൻ സ്കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ കഴിയുക. ഒരോ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ടീമാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്- ഒമാന്റെ കീഴിൽ സയൻസിനും, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ വിദ്യാർത്ഥികളെയും യുവതലമുറയെയും പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടി 'ഇന്ത്യൻ സയൻസ് ഫോറം' എന്ന പേരിൽ സംഘടനയ്ക്ക് മസ്‍കറ്റിൽ രൂപം നല്‍കി. വിദ്യാർത്ഥികളെ ശാസ്ത്രബോധവും, അഭിരുചിയുമുള്ളവരായി നയിക്കുന്നതിനായി വിവിധങ്ങളായ പരിപാടികൾ സംഘടനയുടെ കീഴിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആദ്യപടിയായി ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ക്വിസ്സ് മൽസരം നടത്തും. കൂടാതെ ശാസ്‍ത്രവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ, ഡിജിറ്റൽ സിമ്പോസിയങ്ങൾ, സ്കിറ്റുകൾ എന്നിങ്ങനെ തുടങ്ങി 'ഐഎസ്എഫ് - ഇഗ്നൈറ്റർ 2022' എന്ന മെഗാ പരിപാടിയും നടത്തും. ഈ പരിപാടിയിൽ ഇന്ത്യൻ സ്കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ കഴിയുക.
ഒരോ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ടീമാണ് രജിസ്റ്റർ ചെയ്യേണ്ടത്. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ജനറൽ സെക്രട്ടറി ശ്രീ. ബാബു രാജേന്ദ്രൻ, ഇന്ത്യൻ സയൻസ് ഫോറം കോർഡിനേറ്റർ ഡോ. ജെ. രത്നകുമാർ, അഡ്മിനിസ്ടേറ്റീവ് കോർഡിനേറ്റർ സുരേഷ് അക്കണ്ടതിൽ, കോ കോർഡിനേറ്റർ ലത ശ്രീജിത്ത്, ഐഎസ്എഫ് ക്വിസ് മാസ്റ്റർ ഹല ജമാൽ എന്നിവർ പങ്കെടുത്തു.
