Asianet News MalayalamAsianet News Malayalam

എംബസിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യക്കാരിയെ രക്ഷിച്ച സാമൂഹിക പ്രവര്‍ത്തകര്‍ സൗദിയില്‍ അറസ്റ്റിലായി

തമിഴ്നാട് സ്വദേശിയായ തനില്‍ സെല്‍വിയെന്ന 39കാരി ദമ്മാമില്‍ നിന്ന് 350 കിലോമീറ്ററോളം അകലെയുള്ള പ്രദേശത്ത് ദുരിതമനുഭവിക്കുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവര്‍ എംബസിക്ക് ഓണ്‍ലൈനായി പരാതിയും നല്‍കി.

indian social workers face legal action in saudi for rescuing another woman
Author
Dammam Saudi Arabia, First Published Jan 1, 2019, 12:03 PM IST

റിയാദ്: തൊഴിലുടമയുടെ പീഡനങ്ങള്‍ കാരണം നരകയാതന അനുഭവിച്ച ഇന്ത്യക്കാരിയെ എംബസിയുടെ അഭ്യര്‍ത്ഥന മാനിച്ച് രക്ഷിച്ചുകൊണ്ടുവന്ന മലയാളികള്‍ അറസ്റ്റിലായി. ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകയായ മഞ്ജുവും ഭര്‍ത്താവ് മണിക്കുട്ടനുമാണ് നിയമക്കുരുക്കില്‍ പെട്ടത്. എംബസി നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇറങ്ങിത്തിരിച്ച ഇവരെ പിന്നീട് എംബസി കൈവിടുകയും ചെയ്തു.

തമിഴ്നാട് സ്വദേശിയായ തനില്‍ സെല്‍വിയെന്ന 39കാരി ദമ്മാമില്‍ നിന്ന് 350 കിലോമീറ്ററോളം അകലെയുള്ള പ്രദേശത്ത് ദുരിതമനുഭവിക്കുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവര്‍ എംബസിക്ക് ഓണ്‍ലൈനായി പരാതിയും നല്‍കി. നാട്ടിലുള്ള ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യമന്ത്രിക്കും പരാതി നല്‍കിയതോടെ എംബസി, സാമൂഹിക പ്രവര്‍ത്തകയായ മഞ്ജുവിന്റെ സഹായം തേടുകയായിരുന്നു. മഞ്ജു സഹായിക്കുമെന്ന് കാണിച്ച് എംബസി തനില്‍ സെല്‍വിക്ക് മറുപടിയും അയച്ചു. എന്നാല്‍ ദമ്മാമില്‍ നിന്ന് ഏറെ അകലെയായ ഈ പ്രദേശത്ത് തനിക്ക് പരിചയമില്ലെന്ന് മഞ്ജു അറിയിച്ചിട്ടും യുവതിയും എംബസിയും നിരന്തരം ബന്ധപ്പെട്ട് സഹായം തേടിക്കൊണ്ടിരുന്നു.

എംബസിയുടെ അഭ്യര്‍ത്ഥന കൂടി മാനിച്ച് ഇവര്‍ സ്വന്തം വാഹനത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ സ്ഥലത്തെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് ഏറെ ദൂരം യാത്ര ചെയ്ത് എംബസിയുടെ അഭയ കേന്ദ്രത്തിലും എത്തിച്ചു. എന്നാല്‍ ജോലിക്കാരി രക്ഷപെട്ട വിവരം അറിഞ്ഞ വീട്ടുടമ സിസിടിവി പരിശോധിച്ച് ഇവരുടെ വാഹന നമ്പര്‍ കണ്ടെത്തുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ ഉടമയായ മണിക്കുട്ടനോട് ഹാജരാവാന്‍ സ്പോണ്‍സര്‍ വഴി പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് എംബസി ഉദ്യോഗസ്ഥര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഒപ്പം ഹാജരായെങ്കിലും മണിക്കുട്ടനെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടുടുകയായിരുന്നു.

അനുരഞ്ജന ശ്രമങ്ങള്‍ക്കൊടുവില്‍ തനിക്ക് വിസയ്ക്ക് വേണ്ടി ചിലവായ 16,000 റിയാല്‍ നല്‍കിയാല്‍ വിട്ടയക്കാമെന്ന് പരാതിക്കാരന്‍ അറിയിച്ചെങ്കിലും ഈ പണം നല്‍കാനാവില്ലെന്ന് പറ‍ഞ്ഞ് എംബസി കൈമലര്‍ത്തി. ഇതോടെ കേസില്‍ നിന്ന് ഒഴിവാകാന്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് അദ്ദേഹം. 

Follow Us:
Download App:
  • android
  • ios