Asianet News MalayalamAsianet News Malayalam

ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇന്ത്യക്കാരന്; കോടികളുടെ സമ്മാനം തേടിയെത്തിയത് അപ്രതീക്ഷിതമായി

തനിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി, ആദ്യ 10 ഫൈനലിസ്റ്റുകള്‍ക്ക് വീതിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. തനിക്കൊപ്പം മത്സരിച്ച ഒമ്പത് ഫൈനലിസ്റ്റുകള്‍ക്ക് 55,000  യുഎസ് ഡോളര്‍ വീതം നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Indian teacher won Global Teacher Prize 2020 worth one million dollar
Author
Dubai - United Arab Emirates, First Published Dec 3, 2020, 8:08 PM IST

ദുബൈ: 2020ലെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇന്ത്യന്‍ അധ്യാപകന്. യുനെസ്‌കോയുമായി സഹകരിച്ചുള്ള ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് 2020ലെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ അധ്യാപകനായ രന്‍ജിത് സിന്‍ഹ് ദിസാലിയാണ്. 10 ലക്ഷം ഡോളറാണ് ഇദ്ദേഹത്തിന് ലഭിക്കുക.

മഹാരാഷ്ട്രയിലെ സോലാപൂരിലെ സില്ല പരിഷത് പ്രൈമറി സ്‌കൂളിലെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് രന്‍ജിത് സിന്‍ഹിനെ തേടി സമ്മാനമെത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് ഇദ്ദേഹം. എന്നാല്‍ വിജയിയാണെന്ന് അറിഞ്ഞതോടെ മറ്റൊരു സുപ്രധാന തീരുമാനം കൂടി ദിസാലി പങ്കുവെച്ചു. തനിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി, ആദ്യ 10 ഫൈനലിസ്റ്റുകള്‍ക്ക് വീതിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. തനിക്കൊപ്പം മത്സരിച്ച ഒമ്പത് ഫൈനലിസ്റ്റുകള്‍ക്ക് 55,000  യുഎസ് ഡോളര്‍ വീതം നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്റെ സന്തോഷത്തിനൊപ്പം സമ്മാനത്തുകയും മറ്റുള്ളവരുമായി പങ്കുവെച്ച് വ്യത്യസ്തനാകുകയാണ് ദിസാലി. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ വര്‍ക്കി ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരം 2014ലാണ് ദുബൈയില്‍ ആരംഭിച്ചത്. ഇക്കുറി ലണ്ടനിലായിരുന്നു പ്രഖ്യാപനം നടന്നത്. ലോകമെമ്പാടുമുള്ള അധ്യാപകര്‍ക്കായി ഇത്തരമൊരു വേദി സാധ്യമാക്കിയ ശൈഖ് മുഹമ്മദിനോടുള്ള നന്ദി രേഖപ്പെടുത്തുന്നതായി ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് സ്ഥാപകന്‍ സണ്ണി വര്‍ക്കി പറഞ്ഞു. മറ്റുള്ളവര്‍ക്ക് സമ്മാനത്തുകയുടെ ഒരു ഭാഗം നല്‍കുന്നതിലൂടെ പങ്കുവെക്കല്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ദിസാലി ലോകത്തെ പഠിപ്പിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല നാളേയ്ക്കായി കുട്ടികള്‍ക്ക് വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും അധ്യാപകരെ കേള്‍ക്കുന്നതില്‍ നിന്നാണ് അത് തുടങ്ങുന്നതെന്നും സണ്ണി വര്‍ക്കി പറഞ്ഞു. ലോകമെമ്പാടുമുള്ള 140 രാജ്യങ്ങില്‍ നിന്നുള്ള 12,000 അപേക്ഷകരില്‍ നിന്നാണ് ദിസാലിയെ വിജയിയായി തെരഞ്ഞെടുത്തത്. 

Follow Us:
Download App:
  • android
  • ios