മൂന്ന് പതിറ്റാണ്ടോളം മദീന ഖുർആൻ അച്ചടികേന്ദ്രത്തിൽ പരിഭാഷകനായ ഇന്ത്യൻ പണ്ഡിതൻ ഡോ. വി. അബ്ദുറഹിം നിര്യാതനായി
മദീന ഇസ്‌ലാമിക് സർവകലാശാലയിൽ അറബി ഭാഷ പഠിപ്പിക്കുന്ന വിഭാഗത്തിൽ അധ്യാപകനായാണ് സൗദിയിലെത്തിയത്. സർവകലാശാലയിലെ മിക്ക പാഠ്യപദ്ധതികളും അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു.

റിയാദ്: മൂന്ന് പതിറ്റാണ്ടോളം മദീനയിലെ ഖുർആൻ അച്ചടികേന്ദ്രത്തിൽ പരിഭാഷകനായി പ്രവർത്തിച്ച ഇന്ത്യൻ പണ്ഡിതൻ ഡോ. വി. അബ്ദുറഹിം നിര്യാതനായി. ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ അച്ചടി കേന്ദ്രമായ മദീനയിലെ കിങ് ഫഹദ് ഖുർആൻ കോംപ്ലക്സിൽ പരിഭാഷാ വിഭാഗം ഡയറക്ടറായ ഡോ. വി. അബ്ദുറഹീം (വാണിയംമ്പാടി അബ്ദുറഹിം) മാസം 19നാണ് മരിച്ചത്. 90 വയസ്സായിരുന്നു. തമിഴ്നാട്ടിലെ വാണിയംമ്പാടി എന്ന ഗ്രാമത്തിൽ 1933 ലാണ് ജനനം. ഇന്ത്യയിൽ നിന്ന് ഇംഗ്ലീഷ്, അറബി ഭാഷകളിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1973 ൽ അസ്ഹർ സർവകലാശാലയിൽ നിന്ന് അറബിഭാഷയിൽ ഡോക്ടേറ്റ് നേടി.
മദീന ഇസ്‌ലാമിക് സർവകലാശാലയിൽ അറബി ഭാഷ പഠിപ്പിക്കുന്ന വിഭാഗത്തിൽ അധ്യാപകനായാണ് സൗദിയിലെത്തിയത്. സർവകലാശാലയിലെ മിക്ക പാഠ്യപദ്ധതികളും അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. കുറച്ചുകാലം ഭാഷാവിഭാഗം ഡയറക്ടറായി പ്രവർത്തിച്ചു. 1995 ൽ ഖുർആൻ അച്ചടി കേന്ദ്രത്തിലെ പരിഭാഷാ വിഭാഗത്തിൽ ഡയറക്ടറായി നിയമിതനായി. മരണം വരെ ആ പദവിയിലായിരുന്നു.
77-ലധികം ഭാഷകളിൽ ഖുർആൻ വിവർത്തനങ്ങൾ പുറത്തിറക്കുന്നതിന് മേൽനോട്ടം വഹിച്ചു. പൗരസ്ത്യ, അന്തർദേശീയ ഭാഷകൾ ഉൾപ്പെടെ 14 ഭാഷകളിൽ പ്രാവീണ്യം നേടി. ഇംഗ്ലീഷ്, ഉറുദു, പേർഷ്യൻ, ഹിന്ദി, തമിഴ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ടർക്കിഷ്, ഹീബ്രു, അരാമിക് (സിറിയക്), സംസ്കൃതം, എസ്പറാൻറേ എന്നീ ഭാഷകളിലാണ് അദ്ദേഹത്തിന് വ്യുൽപത്തിയുണ്ടായിരുന്നത്. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ കൃതികൾ രചിച്ചിട്ടുണ്ട്.
ഡോ. വി. അബ്ദുറഹീമിെൻറ വിയോഗത്തിൽ കിങ് ഫഹദ് ഖുർആൻ അച്ചടി കേന്ദ്രം അനുശോചിച്ചു. സ്ഥാപനത്തിനും ജീവനക്കാർക്കും വേണ്ടി മതകാര്യ വകുപ്പ് മന്ത്രിയും ഖുർആൻ കേന്ദ്രം ജനറൽ സൂപർവൈസറുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ᐧ