ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. അബുദാബിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് എ.കെയാണ് ഒറ്റദിവസം കൊണ്ട് കോടീശ്വരനായത്. 20 വര്‍ഷമായി ജോലി ചെയ്യുന്ന അദ്ദേഹം ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ടെക്നിക്കല്‍ മാനേജറാണ്. മുഹമ്മദിനൊപ്പം ഒരു ജോര്‍ദാന്‍ പൗരനും പത്ത് ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു.

ദീര്‍ഘകാലമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്ന മുഹമ്മദ് ഇത്തവണ അഞ്ച് ടിക്കറ്റുകളാണ് എടുത്തത്. ഇവയില്‍ ഒരെണ്ണം ഓണ്‍ലൈനായും വാങ്ങി. 3644 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എല്ലാ മാസവും രണ്ട് പേരെയെങ്കിലും കോടീശ്വരന്മാരാക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീ വലിയൊരു കാര്യമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. മലയാളിയായ അനീഷ് ചാക്കോയ്ക്കും നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചു. 395-ാം സീരീസ് നറുക്കെടുപ്പില്‍ ആഡംബര ബൈക്കാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്.