അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരന് തന്നെ. എന്നാല്‍ ഒരു കോടി ദിര്‍ഹം (18 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടി ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായയാളെ ഇക്കാര്യം അറിയിക്കാനാവാതെ കുഴങ്ങുകയാണ് അധികൃതര്‍.

അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രവീന്ദ്ര ബോലൂറിനാണ് ബുധനാഴ്ച ഒന്നാം സമ്മാനം ലഭിച്ചത്. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് ഇന്ത്യക്കാരന് ഒന്നാം സമ്മാനം ലഭിക്കുന്നത്. നറുക്കെടുത്ത ഉടനെ ഇക്കാര്യം അറിയിക്കാനായി അധികൃതര്‍ വേദിയില്‍ വെച്ചുതന്ന രവീന്ദ്രയെ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇന്ത്യന്‍ നമ്പറിലും യുഎഇ നമ്പറിലും വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

ഒടുവില്‍ യുഎഇ നമ്പറില്‍ വിളിച്ചപ്പോള്‍ രവീന്ദ്രയുടെ മകള്‍ ഫോണെടുത്തു. ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി. എന്നാല്‍ ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷമാകുമെന്നും പറഞ്ഞെങ്കിലും നാളെ വിളിക്കാനായിരുന്നു മകള്‍ പറഞ്ഞത്. ഇങ്ങനെയൊരാള്‍ വിളിച്ചിരുന്ന കാര്യം താന്‍ അച്ഛനോട് പറയാമെന്നും മകള്‍ പറഞ്ഞു. വിജയിയായ ഭാഗ്യവാനെ വിവരമറിയിക്കാന്‍ കാത്തിരിക്കുകയാണ് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍. ഏപ്രില്‍ 27ന് മാത്രമേ അദ്ദേഹം തിരികെ യുഎഇയില്‍ എത്തൂ എന്നാണ് വിവരം.

അതേസമയം അബുദാബി ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പഴയ ടിക്കറ്റ് കൈവശമുള്ളയാളിന് പ്രഖ്യാപിച്ചിരുന്ന സമ്മാനം ഫിലിപ്പൈന്‍ പൗരനായ നെസ്റ്റര്‍ സുസന് ലഭിച്ചു. 1996 ജൂണ്‍ 20ന് എടുത്ത ടിക്കറ്റാണ് അദ്ദേഹം കൊണ്ടുവന്നത്. 1989 മുതല്‍ അബുദാബിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 1996ല്‍ ബഹ്റൈനിലേക്ക് പോകും വഴിയാണ് ടിക്കറ്റെടുത്തത്. പഴയ ഒരു ബാഗില്‍ സൂക്ഷിച്ചിരുന്ന ടിക്കറ്റ് സമ്മാന പ്രഖ്യാപനം അറിഞ്ഞതോടെ തപ്പിയെടുത്ത് കൊണ്ടുവരികായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു മൊബൈല്‍ ഫോണാണ് സമ്മാനം ലഭിച്ചത്. ഒപ്പം അടുത്ത മാസത്തെ 1.5 കോടി ദിര്‍ഹത്തിന്റെ നറുക്കെടുപ്പിലേക്കുള്ള ഫ്രീ ടിക്കറ്റും അദ്ദേഹത്തിന് ലഭിച്ചു.