ഭക്ഷണ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു യാത്രക്കാരി കഞ്ചാവ് കടത്തിയത്.
മസ്കറ്റ്: മസ്കറ്റ് വിമാനത്താവളത്തിൽ ഭക്ഷണ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവുമായി ഇന്ത്യക്കാരി പിടിയില്‍. എട്ടുകിലോ കഞ്ചാവുമായാണ് ഇന്ത്യക്കാരിയായ യാത്രക്കാരിയെ പിടികൂടിയത്. ഭക്ഷണ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. ബിസ്കറ്റ് പാക്കറ്റുകളിലും മറ്റു പലഹാരങ്ങളുടെ ടിന്നുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കടത്തിയത്.
ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുന്നതിന്‍റെ വീഡിയോ ഒമാൻ കസ്റ്റംസിന്‍റെ എക്സ് പ്ലാറ്റ്ഫോമിൽ അധികൃതർ പങ്കുവെച്ചിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയായി വരികയാണ്. കഴിഞ്ഞ ദിവസവും മസ്കറ്റ് വിമാനത്താവളത്തിൽ നിന്ന് കഞ്ചാവുമായി വനിത യാത്രക്കാരികളെ പിടികൂടിയിരുന്നു. ഇവരുടെ ബാഗുകളില്‍ ഒളിപ്പിച്ച 13 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതികള്‍ ഏഷ്യന്‍ രാജ്യക്കാരാണ്.
